കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 242 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി. ഓപ്പണര്‍ ജോബിന്‍ ജോബിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കൊച്ചിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
തിരുവനന്തപുരം: കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിനെതിരെ 243 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് കൊച്ചി 242 റണ്‍സെടുത്തത്. ബാറ്റേന്തിയവരെല്ലാം ഫോമിലേക്ക് ഉയര്‍ന്ന മത്സരത്തില്‍ ഓപ്പണര്‍ ജോബിന്‍ ജോബിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കൊച്ചിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
സെമി സാധ്യതകള്‍ അവസാനിച്ച ടൈഗേഴ്‌സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിള്‍സിനെതിരെ കളിക്കാനിറങ്ങിയത്. ജോബിന്‍ ജോബിയും വിപുല്‍ ശക്തിയും ചേര്‍ന്നുള്ള പുത്തന്‍ കൂട്ടുകെട്ട് കൊച്ചിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കുകയും ചെയ്തു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്‍ന്ന് ആറാം ഓവറില്‍ തന്നെ കൊച്ചിയുടെ സ്‌കോര്‍ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകള്‍ കൈവിട്ടത് റിപ്പിള്‍സിന് തിരിച്ചടിയായി. സ്‌കോര്‍ എഴുപതില്‍ നില്‍ക്കെ 39 റണ്‍സെടുത്ത വിപുല്‍ ശക്തി റണ്ണൗട്ടായി. എന്നാല്‍ ജോബിനൊപ്പം മനുകൃഷ്ണന്‍ ചേര്‍ന്നതോടെ കൊച്ചിയുടെ സ്‌കോറിങ് കൂടുതല്‍ വേഗത്തിലായി. 12-ാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 100 കടന്നു.
ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് ജോബിന്‍ തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്‍ 31 റണ്‍സെടുത്ത മനുകൃഷ്ണന്‍ പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേര്‍ന്ന് 19 പന്തുകളില്‍ നിന്ന് 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പത്ത് പന്തില്‍ നിന്ന് 31 റണ്‍സ് നേടി ആഷിഖ് മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ സുരേഷും കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിള്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്‌സിന്റെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചുപാഞ്ഞു.
ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ജോബിന്‍ ജോബി സെഞ്ച്വറി പൂര്‍ത്തിയാക്കി. 32 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകള്‍ കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്‌സുമടങ്ങുന്നതായിരുന്നു ജോബിന്റെ ഇന്നിങ്‌സ്. ഇതോടെ കെസിഎല്ലില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊന്‍പതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിന്‍ ഗിരീഷ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

