
കറാച്ചി: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം തള്ളി യുഎഇയിലെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ ടൂര്‍ണമെന്‍റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
അതിര്‍ത്തിയിലെ സംഘഷര്‍ഷങ്ങളെത്തുടര്‍ന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍ പിഎസ്എല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് പാകിസ്ഥാന്‍റെ സഖ്യരാജ്യമെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഇന്ത്യ-യുഎഇ ബന്ധങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നുമുള്ള തിരിച്ചറിവില്‍ പി എസ് എല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുത്തതോടെ ടൂര്‍ണമെന്‍റെ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ടൂര്‍ണമെന്‍റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷയും മാനസികാവസ്ഥയും ആശങ്കയും കണക്കിലെടുത്താണ് തീരുമാനമെന്നും പാക് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പി എസ് എല്ലില്‍ ഇനി നാല് ലീഗ് മത്സരങ്ങളും പ്ലേ ഓഫ് മത്സരങ്ങളും ഫൈനലുമാണ് അവശേഷിക്കുന്നത്. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ സ്റ്റേഡിയങ്ങളായിരുന്നു മത്സരങ്ങള്‍ക്ക് വേദിയാവേണ്ടിയിരുന്നത്.
ബിസിസിഐയുമായി നല്ല ബന്ധത്തിലുള്ള എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആണ് 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിന് പകരം വേദിയായത്. മുമ്പ് ഐപിഎല്ലിനും ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കും യുഎഇ ആയിരുന്നു വേദിയായത്. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ആതിഥേയത്വം വഹിക്കുന്നത് ബിസിസിഐയുമായുള്ള ഊഷ്മള ബന്ധത്തെ ബാധിച്ചേക്കാമെന്നതും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കണക്കിലെടുത്തുവെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ വലിയ ഇന്ത്യൻ ജനസംഖ്യയുള്ള യുഎഇ, പി എസ് എല്ലിന് വേദിയാവുന്നത് ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായോക്കാമെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആശങ്കപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം പരിഗണിച്ചാണ് പി എസ് എല്ലിന് വേദിയാവാനില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തിരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!