ആരാവണം പൂജാരയുടെ പകരക്കാരന്‍; പേരുമായി ബട്ട്, ഒപ്പം ശ്രദ്ധേയ നിരീക്ഷണവും

By Web TeamFirst Published Aug 15, 2021, 10:34 AM IST
Highlights

ആരാവണം പൂജാരയ്‌ക്ക് പകരം ടീമിലെത്തേണ്ടത് എന്ന് പറയുകയാണ് പാകിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട്

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ ചേതേശ്വര്‍ പൂജാര വലിയ വിമര്‍ശനം നേരിടുകയാണ്. രണ്ടാം വന്മതില്‍ എന്ന വിശേഷണമുള്ള താരമാണ് ക്രീസില്‍ കാലുറപ്പിക്കാന്‍ പാടുപെടുന്നത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലും പൂജാര പരാജയപ്പെട്ടതോടെ താരത്തിന്‍റെ പകരക്കാരനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിക്കഴി‍ഞ്ഞു. ആരാവണം പൂജാരയ്‌ക്ക് പകരം ടീമിലെത്തേണ്ടത് എന്ന് പറയുകയാണ് പാകിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട്. 

പരിചയസമ്പന്നനായ ചേതേശ്വര്‍ പൂജാരയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണം എന്നാണ് ബട്ടിന്‍റെ വാദം. 'പൂജാര പ്രയാസപ്പെടുകയാണ്. സാഹചര്യവും പ്രതികൂലം. ഇന്ത്യക്ക് ആവശ്യമെങ്കില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാവുന്നതാണ്. നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും ചിന്തിക്കുന്നതിന് അനുസരിച്ചിരിക്കും തീരുമാനങ്ങളെല്ലാം' എന്നും ബട്ട് പറഞ്ഞു. അതേസമയം പൂജാരയെ ടീമില്‍ നിന്ന് ഉടനടി തഴയുന്നത് എടുത്തുചാട്ടമാകും എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

'പൂജാര ഇതുവരെ മൂന്ന് ഇന്നിംഗ്‌സുകള്‍ കളിച്ചു. ഇംഗ്ലണ്ടിലെ പോലുള്ള പ്രതികൂലമായ സാഹചര്യത്തില്‍ ഇപ്പോള്‍ യുവതാരത്തിന് അവസരം നല്‍കുന്നത് നേരത്തെയായേക്കാം. അത് താരത്തിന് വലിയ പരീക്ഷണമാകും. മുമ്പ് ഇത്തരം സാഹചര്യങ്ങളില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ് പൂജാര. ടീമിന് ആശ്രയിക്കാന്‍ കഴിയുന്ന താരമാണയാള്‍. ഈ പര്യടനത്തില്‍ ഇതുവരെ പരാജയപ്പെട്ടെങ്കിലും പൂജാരയ്‌ക്ക് ഒരു അവസരം കൂടി നല്‍കുന്നത് നന്നാവും 

ഇംഗ്ലണ്ട് പോലുള്ള സാഹചര്യങ്ങളില്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ അടക്കമുള്ള മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിക്കുക യുവതാരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ടോപ് ക്ലാസ് താരങ്ങളാണ് പൂജാരയും രഹാനെയും. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ അവര്‍ ഫോമിലല്ല. രണ്ടാം ടെസ്റ്റ് മാത്രമേയായിട്ടുള്ളൂ. ഇപ്പോള്‍ താരങ്ങളെ മാറ്റുന്നത് പുറത്തുപോകുന്നയാള്‍ക്കും ടീമില്‍ വരുന്നയാള്‍ക്കും ഒരുപോലെ സമ്മര്‍ദമുണ്ടാക്കും. പെട്ടെന്നെത്തി ഇംഗ്ലീഷ് സാഹചര്യത്തില്‍ മികവ് കണ്ടെത്തുക ഒരു ബാറ്റ്സ്‌മാന് പ്രയാസമാകും' എന്നും മുന്‍താരം വ്യക്തമാക്കി. 

ചേതേശ്വര്‍ പൂജാരയെ 2018 മുതല്‍ മോശം ശരാശരി അലട്ടുന്നുണ്ട്. കരിയര്‍ ശരാശരി 45 ആണെങ്കില്‍ ഇക്കാലളവില്‍ 31 മാത്രമേയുള്ളൂ. 4, 12*, 9 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതുവരെയുള്ള സ്‌കോര്‍. അതേസമയം അജിങ്ക്യ രഹാനെയും ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. 5 , 1 എന്നിങ്ങനെയാണ് പരമ്പരയില്‍ ഇതുവരെയുള്ള സ്‌കോര്‍. എന്നാല്‍ വിദേശ സാഹചര്യങ്ങളില്‍ മുമ്പ് ഇന്ത്യയുടെ വിശ്വസ്തരായ താരങ്ങളായിരുന്നു ഇരുവരും. 

ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം

'ഇന്ത്യന്‍ താരമാ'! മൈതാനത്തിറങ്ങിയത് പൊക്കിയപ്പോള്‍ ബിസിസിഐ ലോഗോ കാട്ടി കാണി; ലോർഡ്സില്‍ കൂട്ടച്ചിരി

ഇംഗ്ലണ്ടിലെ വികൃതിക്കൂട്ടം രാഹുലിനെതിരെ ഷാംപെയ്ന്‍ കോർക്കെറിഞ്ഞു; തിരിച്ചെറിയാന്‍ കോലി- വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!