ഇനിയും അവസരം ലഭിച്ചാൽ രഹാനെ വളരെ ഭാഗ്യവാന്‍; തുറന്നുപറഞ്ഞ് സഞ്ജയ് മഞ്ജരേക്കർ

By Web TeamFirst Published Sep 8, 2021, 10:42 AM IST
Highlights

രഹാനെയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവിനോ ഹനുമ വിഹാരിക്കോ ടീം ഇന്ത്യ അവസരം നല്‍കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മഞ്ജരേക്കറുടെ പ്രതികരണം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്‌ച ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്‌ക്ക് അവസരം ലഭിച്ചാല്‍ അത് ഭാഗ്യമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മോശം ഫോമിലുള്ള രഹാനെയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവിനോ ഹനുമ വിഹാരിക്കോ ടീം ഇന്ത്യ അവസരം നല്‍കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മഞ്ജരേക്കറുടെ പ്രതികരണം. 

'രഹാനെയ്‌ക്ക് ഒരു മത്സരം കൂടി ലഭിച്ചാല്‍ അദേഹം വളരെ ഭാഗ്യമുള്ള ക്രിക്കറ്ററായിരിക്കും. രഹാനെയ്‌ക്ക് ദീര്‍ഘമായ അവസരം ലഭിച്ചു. എന്നിട്ടും ഒരു മത്സരത്തില്‍ കൂടി അദേഹത്തെ പരീക്ഷിക്കുമെങ്കില്‍ അത് താരത്തെ സംബന്ധിച്ച് വലിയ കാര്യമായിരിക്കും. രഹാനെയ്‌ക്ക് അവസരം ലഭിക്കുമ്പോള്‍ അദേഹം ഫോമിലേക്ക് തിരിച്ചെത്തും എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരിക്കലും അത് സംഭവിക്കുന്നില്ല എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ ഒരു അവസരം കൂടി ലഭിച്ചാല്‍ അയാള്‍ വളരെ ഭാഗ്യവാനാണ്' എന്നും മഞ്ജരേക്കര്‍ സോണി സ്‌പോര്‍ട്‌സിനോട് കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളിലും രഹാനെയ്‌ക്ക് അവസരം നല്‍കിയെങ്കിലും ബാറ്റിംഗില്‍ നിരാശയായിരുന്നു ഫലം. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് നേടാനായത്. ഓവലിലെ നാലാം ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ രണ്ട് ഇന്നിംഗ്‌സുകളിലും രഹാനെയ്‌ക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 27, 49, 15, 5, 1, 61, 18, 10, 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. 

പിന്തുണച്ച് ബാറ്റിംഗ് പരിശീലകന്‍

എന്നാല്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും രഹാനെയെ പിന്തുണയ്‌ക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. 'രഹാനെയുടെ ഫോം ഒരു തരത്തിലും ടീമിനെ ആശങ്കപ്പെടുത്തുന്നില്ല. ടീമില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരമാണ് രഹാനെ. കരുത്തോടെ ഫോമിലേക്ക് തിരിച്ചെത്താന്‍ കെല്‍പ്പുള്ള താരം. പൂജാരയും ഒരു സമയത്ത് ഫോമിലല്ലായിരുന്നു. എന്നാലിപ്പോള്‍ അദേഹത്തിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ സാധിക്കുന്നുണ്ട്. അതുപോലെ രഹാനെയും തിരിച്ചെത്തും' എന്നാണ് റാത്തോഡിന്‍റെ വാക്കുകള്‍.

മാഞ്ചസ്റ്ററില്‍ സെപ്റ്റംബര്‍ 10ന് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ രഹാനെയ്‌ക്ക് പകരം ഹനുമ വിഹാരിയെയോ സൂര്യകുമാര്‍ യാദവിനേയോ കളിപ്പിക്കണമെന്ന് വാദിക്കുന്നവര്‍ ഏറെയാണ്.

ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്; ഇന്ത്യന്‍ ടീമിലേക്ക് ആരൊക്കെ? സാധ്യത ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്ക് നാണംകെട്ട തോല്‍വി, ചെറിയ സ്‌കോറില്‍ പുറത്ത്; ഏകദിന പരമ്പര ലങ്കയ്‌ക്ക്

ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!