
ഓവല്‍: തലയില്‍ കൈവെച്ചുകൊണ്ട് മാത്രം കണ്ടുതീർക്കാന്‍ പറ്റുന്നൊരു ഐതിഹാസിക സ്പെല്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ആറ് വിക്കറ്റ് നേട്ടവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു ഇന്ത്യന്‍ പേസർ ജസ്പ്രീത് ബുമ്ര(Jasprit Bumrah). 7.2 ഓവറില്‍ വെറും 19 റണ്ണിനാണ് ബുമ്ര ആറ് ഇംഗ്ലീഷ് ബാറ്റർമാരെ മടക്കിയത്. ഇതില്‍ നാല് പേരെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ നിരവധി റെക്കോർഡുകള്‍ ബുമ്ര പേരിലാക്കി.
ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം എന്ന റെക്കോർഡും ബുമ്ര കൈവശമാക്കി. സ്റ്റുവർട്ട് ബിന്നി(6/4), അനില്‍ കുംബ്ലെ(6/12) എന്നിവർ മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. ബിന്നിയുടെ നേട്ടം 2014ല്‍ ബംഗ്ലാദേശിനെതിരെയും കുംബ്ലെയുടേത് 1993ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയുമായിരുന്നു. ഓവലില്‍ 19 റണ്ണിന് ബുമ്ര സ്വന്തമാക്കിയ ആറ് വിക്കറ്റ് താരത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമാണ്.
അതോടൊപ്പം ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബൗളിംഗ് പ്രകടനങ്ങളില്‍ നാലാം സ്ഥാനത്തെത്താനും ഇന്ത്യന്‍ പേസർക്കായി. ആദ്യ മൂന്ന് മികച്ച പ്രകടനങ്ങളും ലീഡ്സിലാണ്. 2001ല്‍ ഇംഗ്ലണ്ടിനെതിരെ 36 റണ്ണിന് 7 വിക്കറ്റ് നേടിയ പാക് പേസർ വഖാർ യൂനിസ് ഒന്നാമതും 1983 ഓസീസിനെതിരെ 51ന് ഏഴ് വിക്കറ്റ് നേടിയ വിന്‍ഡീസ് താരം വിന്‍സ്റ്റണ്‍ ഡേവിഡ് രണ്ടാമതും 1975ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിനായി 14 റണ്ണിന് ആറ് വിക്കറ്റ് നേടിയ ഗാരി ഗില്‍മോർ മൂന്നാമതും നില്‍ക്കുന്നു.
ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോള്‍ ഓവല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ പുറത്തായി. ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസന്‍ റോയ്(0), ജോണി ബെയ്ർസ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാർസ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്‍ലർ(30), ക്രൈഗ് ഓവർട്ടന്‍(8) എന്നിവരെ ഷമി മടക്കി. ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 14 റണ്ണെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി.
ENG vs IND : ഏകദിനത്തില്‍ 150 വിക്കറ്റ്, റെക്കോർഡുകള്‍ വാരിക്കൂട്ടി ഷമി; പിന്നിലായവരില്‍ അഗാർക്കറും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!