77 മത്സരങ്ങളില്‍ 150 വിക്കറ്റ് ക്ലബിലെത്തിയ ഓസീസിന്‍റെ മിച്ചല്‍ സ്റ്റാർക്കാണ് മത്സരങ്ങളുടെ എണ്ണത്തില്‍ വേഗത്തില്‍ നാഴികക്കല്ല് പിന്നിട്ട താരം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) വിസ്മയ ബൗളിംഗുമായി ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്ക്(Mohammed Shami) ഒരുപിടി റെക്കോർഡ്. മത്സരത്തിനിടെ ഏകദിന കരിയറില്‍ 150 വിക്കറ്റുകള്‍ തികച്ചാണ് ഷമിയുടെ നേട്ടങ്ങള്‍. കുറഞ്ഞ ഏകദിനങ്ങളിലും കുറവ് പന്തുകളിലും 150 വിക്കറ്റ് തികച്ച താരങ്ങളില്‍ ഷമി മൂന്നാം സ്ഥാനത്തെത്തി. അതേസമയം വേഗത്തില്‍ 150 ഏകദിന വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ താരമാകാന്‍ ഷമിക്കായി. 97 ഏകദിനങ്ങളില്‍ 150 വിക്കറ്റ് തികച്ച അജിത് അഗാർക്കറിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോർഡ്. 

77 മത്സരങ്ങളില്‍ 150 വിക്കറ്റ് ക്ലബിലെത്തിയ ഓസീസിന്‍റെ മിച്ചല്‍ സ്റ്റാർക്കാണ് മത്സരങ്ങളുടെ എണ്ണത്തില്‍ വേഗത്തില്‍ നാഴികക്കല്ല് പിന്നിട്ട താരം. സ്റ്റാർക്കിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച് പാക് മുന്‍താരം സാഖ്‍ലൈന്‍ മുഷ്താഖ്(78) രണ്ടാമത് നില്‍ക്കുമ്പോള്‍ അഫ്ഗാന്‍ സ്പിന്നർ റാഷിദ് ഖാനൊപ്പം മുഹമ്മദി ഷമി മൂന്നാം സ്ഥാനം പങ്കിടുന്നു. ഇരുവരും 80 മത്സരങ്ങളില്‍ 150 വിക്കറ്റ് തികച്ചു. അതേസമയം കുറഞ്ഞ പന്തുകളിലും വേഗത്തില്‍ 150 വിക്കറ്റ് തികച്ച താരം സ്റ്റാർക്കാണ്(3917 ബോളുകള്‍), 4053 പന്തുകളുമായി ലങ്കയുടെ അജന്താ മെന്‍ഡിസാണ് രണ്ടാമത്. മൂന്നാമത് നില്‍ക്കുന്ന ഷമിക്ക് നേട്ടത്തിലേക്ക് വേണ്ടിവന്നത് 4071 പന്തുകളും. 

ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ ഐതിഹാസിക ബൗളിം​ഗിന് മുന്നില്‍ 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ ബാറ്റർമാരും കൂടാരം കയറി. ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്‍ലർ(30), ക്രൈഗ് ഓവർട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് നേടി. 

ENG vs IND : ആറാടി ബുമ്ര, 19 റണ്ണിന് 6 വിക്കറ്റ്; ഓവലില്‍ ഇംഗ്ലണ്ട് 110 റണ്ണില്‍ പുറത്ത്