ENG vs IND : ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20; നേട്ടങ്ങള്‍ക്കരികെ രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും

By Jomit JoseFirst Published Jul 7, 2022, 6:00 PM IST
Highlights

ഇന്ന് ഏഴ് ഫോറുകള്‍ കൂടി നേടിയാല്‍ രാജ്യാന്തര ടി20യില്‍ ഹിറ്റ്മാന്‍റെ ഫോറുകളുടെ എണ്ണം 300 ആകും. 293 ഫോറുകളാണ് രോഹിത് ശർമ്മയ്ക്ക് നിലവിലുള്ളത്

സതാംപ്ടണ്‍: ഈ വർഷം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ഏറെ നിർണായകമായ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ(ENG vs IND T20Is 2022) ഇന്നരാംഭിക്കുന്നത്. അതിശക്തമായ ബാറ്റിംഗ് ലൈനപ്പും ചേസിംഗ് മെന്‍റാലിറ്റിയുമുള്ള ഇംഗ്ലണ്ട് പോലൊരു ടീമിനോട് കരുത്ത് അളക്കാനുള്ള സുവർണാവസരം. മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം(ENG vs IND 1st T20I) ഇന്ന് സതാംപ്ടണില്‍ നടക്കുമ്പോള്‍ ശ്രദ്ധേയം കൊവിഡ് കഴിഞ്ഞ് നായകന്‍ രോഹിത് ശർമ്മയുടെ(Rohit Sharma) തിരിച്ചുവരവാണ്. മത്സരത്തിലൊരു നാഴികക്കല്ലും രോഹിത്തിനെ കാത്തിരിപ്പുണ്ട്. 

ഇന്ന് ഏഴ് ഫോറുകള്‍ കൂടി നേടിയാല്‍ രാജ്യാന്തര ടി20യില്‍ ഹിറ്റ്മാന്‍റെ ഫോറുകളുടെ എണ്ണം 300 ആകും. 293 ഫോറുകളാണ് രോഹിത് ശർമ്മയ്ക്ക് നിലവിലുള്ളത്. ഓൾറൗണ്ട‍ർ ഹാർദിക് പാണ്ഡ്യക്കും മത്സരത്തിലൊരു നേട്ടം കാത്തിരിപ്പുണ്ട്. ഇതും ഫോറുകളുടെ എണ്ണത്തിലാണ്. മൂന്ന് ഫോറുകള്‍ നേടിയാല്‍ രാജ്യാന്തര ടി20യില്‍ പാണ്ഡ്യക്ക് 50 എണ്ണമാകും. അതേസമയം മൂന്ന് ഫോറുകള്‍ കൂടി നേടിയാല്‍ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർക്ക് രാജ്യത്തിനായി രാജ്യാന്തര ടി20യില്‍ കൂടുതല്‍ ഫോറുകള്‍ നേടിയ മുന്‍ നായകന്‍ ഓയിന്‍ മോർഗന്‍റെ റെക്കോർഡ്(186 ഫോറുകള്‍) തകർക്കാം. നിലവില്‍ 184 ഫോറുകളാണ് ബട്‍ലർക്കുള്ളത്. 

മുന്‍ റെക്കോർഡ് 

സതാംപ്ടണില്‍ ഇന്ത്യന്‍സമയം രാത്രി 10.30നാണ് ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20. 10 മണിക്ക് റോസ് ബൗളിൽ ടോസ് വീഴും. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിനെതിരെ ടി20യിലെ മുന്‍ റെക്കോർഡ്. ടി20യില്‍ ഇംഗ്ലണ്ടിന് മേല്‍ മേല്‍ക്കോയ്മ ഇന്ത്യക്കുണ്ട്. 19 മത്സരങ്ങളില്‍ ഇതുവരെ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10ലും ഇംഗ്ലണ്ട് 9ലും വിജയിച്ചു. ഇരു കൂട്ടരും തമ്മിലുള്ള പരമ്പരകളില്‍ പക്ഷേ എട്ട് വീതം വിജയങ്ങളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമുള്ളത്. അവസാനം ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍(2021 മാർച്ച്) ഇന്ത്യ 3-2ന് വിജയിച്ചതും പ്രതീക്ഷയാണ്. മാത്രമല്ല അവസാന മൂന്ന് ടി20 പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള സ്ക്വാഡ്: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ENG vs IND : സതാംപ്‍ടണില്‍ നീലക്കുപ്പായത്തില്‍ അരങ്ങേറുമോ രാഹുല്‍ ത്രിപാഠി? മറുപടിയുമായി മുന്‍താരം

click me!