ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കളിച്ചില്ലെങ്കിലും 31കാരനായ രാഹുല്‍ ത്രിപാഠിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു

സതാംപ്‍ടണ്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന താരമാണ് ബാറ്റർ രാഹുല്‍ ത്രിപാഠി(Rahul Tripathi). ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത താരത്തിന് ഉടനടി ഇന്ത്യന്‍ കുപ്പായത്തില്‍ അവസരം നല്‍കണമെന്ന വാദം ശക്തം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20(ENG vs IND 1st T20I) ഇന്ന് നടക്കുമ്പോള്‍ രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓപ്പണർ ആകാശ് ചോപ്ര(Aakash Chopra). 

'ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് പറയാനാവില്ല. ഉമ്രാന്‍ മാലിക്കും അർഷ്‍ദീപ് സിംഗും ഒന്നിച്ച് കളിക്കുന്നത് ചിലപ്പോള്‍ കാണാനായേക്കും. രാഹുല്‍ ത്രിപാഠി പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യത കാണുന്നില്ല. റുതുരാജ് ഗെയ്‌ക്‌വാദിനെ കളിപ്പിക്കാനുള്ള സാധ്യതയും കാണുന്നില്ല. അയർലന്‍ഡിനെതിരെ റുതുരാജ് കളിച്ചിരുന്നില്ല. അദേഹം പൂർണ ആരോഗ്യവാനാണെന്ന് കരുതുന്നെങ്കിലും രോഹിത് ശർമ്മ തിരിച്ചെത്തിയ സാഹചര്യത്തില്‍ ടീമിലെത്തുമെന്ന് തോന്നുന്നില്ല. അയർലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അടിവാങ്ങിക്കൂട്ടിയ ഇന്ത്യന്‍ ബൗളർമാർക്ക് മേല്‍ സമ്മർദമുണ്ട്. അയർലന്‍ഡ് ഏറെക്കുറെ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു' എന്നും ആകാശ് ചോപ്ര യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കളിച്ചില്ലെങ്കിലും 31കാരനായ രാഹുല്‍ ത്രിപാഠിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 37.55 ശരാശരിയില്‍ 413 റണ്‍സാണ് ത്രിപാഠി അടിച്ചുകൂട്ടിയത്. 158.24 പ്രഹരശേഷിയിലായിരുന്നു ത്രിപാഠിയുടെ റണ്‍വേട്ട. ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 76ഉം. 

മുന്‍ റെക്കോർഡ് 

സതാംപ്ടണില്‍ ഇന്ത്യന്‍സമയം രാത്രി 10.30നാണ് ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20. 10 മണിക്ക് റോസ് ബൗളിൽ ടോസ് വീഴും. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിനെതിരെ ടി20യിലെ മുന്‍ റെക്കോർഡ്. ടി20യില്‍ ഇംഗ്ലണ്ടിന് മേല്‍ മേല്‍ക്കോയ്മ ഇന്ത്യക്കുണ്ട്. 19 മത്സരങ്ങളില്‍ ഇതുവരെ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10ലും ഇംഗ്ലണ്ട് 9ലും വിജയിച്ചു. ഇരു കൂട്ടരും തമ്മിലുള്ള പരമ്പരകളില്‍ പക്ഷേ എട്ട് വീതം വിജയങ്ങളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമുള്ളത്. അവസാനം ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍(2021 മാർച്ച്) ഇന്ത്യ 3-2ന് വിജയിച്ചതും പ്രതീക്ഷയാണ്. മാത്രമല്ല അവസാന മൂന്ന് ടി20 പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള സ്ക്വാഡ്: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ENG vs IND : ഇന്നുമുതല്‍ ഇന്ത്യന്‍ ടീമിന് ഇംഗ്ലീഷ് ടി20 പരീക്ഷ; മത്സരം കാണാന്‍ ഈ വഴികള്‍