ENG vs IND : കലിപ്പടക്കാന്‍ കോലി, പരമ്പര ജയിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനം ഇന്ന്

By Jomit JoseFirst Published Jul 17, 2022, 8:10 AM IST
Highlights

ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയം. ആദ്യ രണ്ട് ഏകദിനത്തിലും വിജയികളെ നിശ്ചയിച്ചത് പേസർമാരായിരുന്നു. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പര(ENG vs IND ODIs 2022) ജേതാക്കളെ ഇന്നറിയാം. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്ക്കാണ് നിർണായകമായ മൂന്നാം ഏകദിനം(ENG vs IND 3rd ODI). ഓവലിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോർഡ്സിൽ 100 റണ്‍സിന് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു. 

ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയം. ആദ്യ രണ്ട് ഏകദിനത്തിലും വിജയികളെ നിശ്ചയിച്ചത് പേസർമാരായിരുന്നു. മൂന്നാം പോരാട്ടം സ്പിന്നർമാരെ ഏറ്റവും കൂടുതൽ സഹായിച്ച ചരിത്രമുള്ള വേദിയിലാണെന്നതാണ് സവിശേഷത. ബൗളർമാർ തന്നെയാവും ഇന്നും കളിയുടെ ഗതിനിശ്ചയിക്കുക. ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇന്ത്യ ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയേക്കും. മറ്റ് മാറ്റത്തിന് സാധ്യതയില്ലെങ്കിലും റൺ കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിയായിരിക്കും ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. 

ഇംഗ്ലീഷ് ടീമിൽ മാറ്റത്തിന് സാധ്യതയില്ല. പുതിയ നായകൻ ജോസ് ബട്‌ലറുടെ ലക്ഷ്യം ആദ്യ പരമ്പരയിൽ തന്നെ കിരീടം ഉയര്‍ത്തുകയാണ്. മാഞ്ചസ്റ്ററിൽ ആദ്യം ബാറ്റ് ചെയ്യുന്നവർ 290 റൺസിലേറെ നേടുന്നതാണ് പതിവ്. അവസാന ഒൻപത് കളിയിൽ എട്ടിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. അതിനാല്‍ ടോസ് നിര്‍ണായകമായേക്കും. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലൈവിലും മത്സരം നേരിട്ട് കാണാം. 

കോലിക്ക് കലിപ്പടക്കണം 

വിമര്‍ശനങ്ങളെയെല്ലാം മറികടക്കാന്‍ മാഞ്ചസ്റ്ററില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് വിരാട് കോലിക്ക്. ലോര്‍ഡ്സിലെ രണ്ടാം ഏകദിനത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടുകയായിരുന്നു. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. ഇനിയുള്ള വിന്‍ഡീസ് പര്യടനത്തില്‍ കോലി ടീമിലുമില്ല. 

IND vs ENG : രണ്ട് പേരില്‍ ഒരാളോട് സംസാരിച്ചാല്‍ ഫോമിലെത്താം; കോലിക്ക് വഴിപറഞ്ഞ് കൊടുത്ത് മുന്‍താരം

click me!