ENG vs IND : ബെയ്ർസ്റ്റോയ്ക്ക് സെഞ്ചുറി, ഒടുവില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി സിറാജ്; ഇന്ത്യക്ക് 132 റണ്‍സ് ലീഡ്

Published : Jul 03, 2022, 07:33 PM ISTUpdated : Jul 03, 2022, 08:11 PM IST
ENG vs IND : ബെയ്ർസ്റ്റോയ്ക്ക് സെഞ്ചുറി, ഒടുവില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി സിറാജ്; ഇന്ത്യക്ക് 132 റണ്‍സ് ലീഡ്

Synopsis

106 റണ്‍സുമായി ബെയ്ർസ്റ്റോ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷർദ്ദുല്‍ ഠാക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി

എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ജോണി ബെയ്ർസ്റ്റോയുടെ(Jonny Bairstow) കലക്കന്‍ സെഞ്ചുറിക്കിടയിലും ഇന്ത്യക്ക് 132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായി. 106 റണ്‍സുമായി ബെയ്ർസ്റ്റോ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ്(Mohammed Siraj) നാലും ജസ്പ്രീത് ബുമ്ര(Jasprit Bumrah) മൂന്നും മുഹമ്മദ് ഷമി(Mohammed Shami) രണ്ടും ഷർദ്ദുല്‍ ഠാക്കൂർ(Shardul Thakur) ഒന്നും വിക്കറ്റ് വീഴ്ത്തി. 

ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു. 

ഇംഗ്ലണ്ടിന്‍റെ മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ജസ്പ്രീത് ബുമ്ര പന്തുകൊണ്ടും കളംവാണപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര തകർന്നിരുന്നു. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മുന്‍ നായകന്‍ ജോ റൂട്ടിനെ 31ല്‍ നില്‍ക്കേ മുഹമ്മദ് സിറാജും ജാക്ക് ലീച്ചിനെ അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമിയും പുറത്താക്കി. ഇതോടെ അഞ്ചിന് 84 എന്ന നിലയില്‍ രണ്ടാംദിനം ഇംഗ്ലണ്ട് അവസാനിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ ജോണി ബെയ്ർസ്റ്റോ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിക്കുകയും ചെയ്തു.   

ആറാം വിക്കറ്റില്‍ ജോണി ബെയ്ർസ്റ്റോയ്ക്കൊപ്പം ടീമിനെ കരകയറ്റാന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നോക്കിയെങ്കിലും 66 റണ്‍സ് കൂട്ടുകെട്ടില്‍ പരിശ്രമം അവസാനിച്ചു. ക്യാച്ചുകളുടെ ആനൂകൂല്യം രണ്ടുതവണ ലഭിച്ച സ്റ്റോക്സിനെ ഷർദ്ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ ബുമ്ര പറന്നുപിടിക്കുകയായിരുന്നു. 36 പന്തില്‍ 25 റണ്‍സാണ് സ്റ്റോക്സിന്‍റെ നേട്ടം. 149-6 എന്ന നിലയില്‍ സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയ ബെയ്ർസ്റ്റോ 119 പന്തില്‍ 11-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്ത മിന്നും ഫോം തുടരുകയായിരുന്നു ബെയ്ർസ്റ്റോ. ഈ വർഷം ബെയർസ്റ്റോയുടെ അഞ്ചാം ശതകമാണിത്.

140 പന്തില്‍ 106 റണ്‍സെടുത്ത് നില്‍ക്കേ ബെയ്ർസ്റ്റോയെ ഷമി, കോലിയുടെ കൈകളിലെത്തിച്ചു. 14 ഫോറും രണ്ട് സിക്സും ബെയ്ർസ്റ്റോയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. ക്രീസിലെത്തിയ സ്റ്റുവർട്ട് ബ്രോഡിനെ അഞ്ച് പന്തില്‍ 1 റണ്‍ നേടാനേ സിറാജ് അനുവദിച്ചുള്ളൂ. ബെയ്ർസ്റ്റോയ്ക്കൊപ്പം പ്രതിരോധമുയർത്തിയ സാം ബില്ലിംഗ്സ് 57 പന്തില്‍ 36 റണ്‍സെടുത്ത് നില്‍ക്കേ സിറാജിന്‍റെ പന്തില്‍ ബൗൾഡായി. അവസാനക്കാരനായി മാറ്റി പോട്ട്‍സിനെയും(18 പന്തില്‍ 19) മടക്കി സിറാജ് നാല് വിക്കറ്റ് തികച്ചു. ആറ് റണ്‍സുമായി ജിമ്മി ആന്‍ഡേഴ്സണ്‍ പുറത്താകാതെ നിന്നു. 

ENG vs IND : ഇംഗ്ലണ്ടിന്‍റെ പടയാളിയായി ജോണി ബെയ്ർസ്റ്റോ; 11-ാം ടെസ്റ്റ് സെഞ്ചുറി
 

PREV
Read more Articles on
click me!

Recommended Stories

ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി
ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം