ഇംഗ്ലണ്ടിന്‍റെ അവസാന പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്ത മിന്നും ഫോം തുടരുകയാണ് ജോണി ബെയ്ർസ്റ്റോ
എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യക്കെതിരെ സെഞ്ചുറി പ്രതിരോധവുമായി ഇംഗ്ലണ്ടിന്‍റെ ജോണി ബെയ്ർസ്റ്റോ(Jonny Bairstow). ഇന്ത്യയുടെ 416 റണ്‍സ് പിന്തുടർന്ന് ഒന്നാം ഇന്നിംഗ്സില്‍ 149-6 എന്ന നിലയില്‍ സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയ ബെയ്ർസ്റ്റോ 119 പന്തിലാണ് 11-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്ത മിന്നും ഫോം തുടരുകയാണ് ജോണി ബെയ്ർസ്റ്റോ. ഈ വർഷം ബെയർസ്റ്റോയുടെ അഞ്ചാം ശതകമാണിത്.
ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്‍റെ മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ജസ്പ്രീത് ബുമ്ര പന്തുകൊണ്ടും കളംവാണപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര തകർന്നിരുന്നു. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മുന്‍ നായകന്‍ ജോ റൂട്ടിനെ 31ല്‍ നില്‍ക്കേ മുഹമ്മദ് സിറാജും ജാക്ക് ലീച്ചിനെ അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമിയും പുറത്താക്കി. ഇതോടെ അഞ്ചിന് 84 എന്ന നിലയില്‍ രണ്ടാംദിനം ഇംഗ്ലണ്ട് അവസാനിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ ജോണി ബെയ്ർസ്റ്റോ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിക്കുകയും ചെയ്തു.
ആറാം വിക്കറ്റില്‍ ജോണി ബെയ്ർസ്റ്റോയ്ക്കൊപ്പം ടീമിനെ കരകയറ്റാന്‍ ബെന്‍ സ്റ്റോക്സ് നോക്കിയെങ്കിലും 66 റണ്‍സ് കൂട്ടുകെട്ടില്‍ പരിശ്രമം അവസാനിച്ചു. ക്യാച്ചുകളുടെ ആനൂകൂല്യം രണ്ടുതവണ ലഭിച്ച സ്റ്റോക്സിനെ ഷർദ്ദൂല്‍ ഠാക്കൂറിന്‍റെ പന്തില്‍ ബുമ്ര പറന്നുപിടിക്കുകയായിരുന്നു. 36 പന്തില്‍ 25 റണ്‍സാണ് സ്റ്റോക്സിന്‍റെ നേട്ടം. ഇതോടെ ഇംഗ്ലണ്ട് 149-6 എന്ന നിലയിലായി. എന്നാല്‍ പിന്നാലെ സെഞ്ചുറിയുമായി സാം ബില്ലിംഗ്സിനൊപ്പം ഇംഗ്ലണ്ടിനായി പടപൊരുതുകയാണ് ബെയ്ർസ്റ്റോ. മൂന്നാംദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 227-6 എന്ന സ്കോറിലാണ് ഇംഗ്ലണ്ട്.
