
എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യന്‍ പേസർ ഉമേഷ് യാദവ്(Umesh Yadav) പുറത്തിരിക്കുന്നത് ദൗർഭാഗ്യകരമെന്ന് മുന്‍ ബൗളിംഗ് കോച്ച് ഭരത് അരുൺ(Bharat Arun). ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം നാലാം പേസറായി ഷർദ്ദുല്‍ ഠാക്കൂറിനെയാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്ത്യ കളിപ്പിക്കുന്നത്.
'കൂടെ വർക്ക് ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഉമേഷ് യാദവ്. ലളിതവും മികച്ചതുമായ ആക്ഷനാണ് അദ്ദേഹത്തിന്‍റേത്. ഏറെ കരുത്തനും അച്ചടക്കമുള്ള താരവുമാണ്. ഇന്ത്യന്‍ ടീമില്‍ ഏറെ ഓപ്ഷനുകളുള്ളതിനാല്‍ ഉമേഷിന് പുറത്തിരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ഇന്ത്യയില്‍ കളിച്ചപ്പോഴൊക്കെ തന്‍റെ റിവേഴ്സ് സ്വിങ് കൊണ്ട് ഉമേഷ് മികവ് കാട്ടിയിട്ടുണ്ട്. മറ്റ് താരങ്ങളും മികവ് കാട്ടുന്നതിനാല്‍ തന്‍റെ കഴിവ് പൂർണമായും പ്രകടിപ്പിക്കാനുള്ള അവസരം ഉമേഷ് യാദവിന് ലഭിച്ചിട്ടില്ല. മികച്ച വേഗമുണ്ട്. പന്ത് സ്വിങ് ചെയ്യാനാകും. ഫീല്‍ഡിംഗില്‍ മികച്ച നിലവാരം പുലർത്തുന്നു. ബാറ്റ് കൊണ്ട് ആശ്രയിക്കാവുന്ന താരമാണ്. കളിച്ചതിനേക്കാളേറെ മത്സരങ്ങളില്‍ അവസരം ലഭിക്കേണ്ടിയിരുന്നയാളാണ് ഉമേഷ് എന്നതിലാണ് തന്‍റെ കുറ്റബോധം' എന്നും ഭരത് അരുണ്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓവലില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് ഉമേഷ് യാദവിന് അവസരം ലഭിച്ചത്. അന്ന് ഇംഗ്ലീഷ് നായകനായിരുന്ന ജോ റൂട്ടിന്‍റെയടക്കം ആറ് വിക്കറ്റ് നേടി. മത്സരത്തില്‍ ഇന്ത്യ 157 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ 2-1ന് മുന്നിലെത്തി. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ അഞ്ചാം ടെസ്റ്റില്‍ ഉമേഷിന് അവസരം നല്‍കാന്‍ ടീം ഇന്ത്യക്കായില്ല. ബുമ്ര, ഷമി, സിറാജ്, ഷർദ്ദുല്‍ എന്നിവരാണ് എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കുന്ന നാല് പേസർമാർ.
2011ല്‍ ദില്ലിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഉമേഷ് യാദവ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 52 ടെസ്റ്റില്‍ 30.08 ശരാശരിയില്‍ 158 വിക്കറ്റ് ഉമേഷ് വീഴ്ത്തി. വെസ്റ്റ് ഇന്‍ഡിനെതിരെ 2018ല്‍ 88 റണ്ണിന് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഈ വർഷം ജനുവരിയില്‍ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് 34കാരനായ താരം ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. 2018ന് ശേഷം ഇന്ത്യക്കായി 16 ടെസ്റ്റ് മാത്രമേ ഉമേഷിന് കളിക്കാനായുള്ളൂ. ബുമ്രക്കും ഷമിക്കുമൊപ്പം മൂന്നാം പേസറായി സിറാജ് ഇതിനകം സ്ഥാനമുറപ്പിച്ചതാണ് ഉമേഷിന് അവസരം കുറയാന്‍ കാരണം.
ENG vs IND : ഇംഗ്ലണ്ടിന്‍റെ പടയാളിയായി ജോണി ബെയ്ർസ്റ്റോ; 11-ാം ടെസ്റ്റ് സെഞ്ചുറി