
എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ(Rohit Sharma) കളിക്കുമോ എന്നത് വലിയ ആശയക്കുഴപ്പമായി തുടരുകയാണ്. രോഹിത് വീണ്ടും കൊവിഡ് പോസിറ്റീവായതായും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായതായും വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തപ്പോള്‍ അവസാന നിമിഷം വരെ കാത്തിരിക്കും എന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്നലെ വ്യക്തമാക്കിയത്. ഇത് ശരിവെക്കുന്ന നേരിയ പ്രതീക്ഷയാണ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് ആരാധകർക്ക് നല്‍കുന്നത്.
ഇന്ന് രാവിലെ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് രോഹിത്തിന് നിർണായകമാണ്. കൊവിഡ് സ്ഥിരീകരിച്ച ജൂണ്‍ 25 മുതല്‍ ഐസൊലേഷനില്‍ തുടരുകയാണ് താരം. ഇതിന് ശേഷം നടത്തിയ എല്ലാ കൊവിഡ് പരിശോധനയിലും താരം പോസിറ്റീവായിരുന്നു. ഇതിനാല്‍ ബിർമിംഗ്ഹാമിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ഫിറ്റ്നസ് ടെസ്റ്റിലും ഹിറ്റ്മാന്‍ പരാജയപ്പെട്ടാല്‍ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ക്യാപ്റ്റനായേക്കും എന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വെറ്ററന്‍ സ്പിന്നർ ആർ അശ്വിന്‍, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് എന്നിവരുടെ പേരും പരിഗണിച്ചിരുന്നു. വൈറ്റ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതാണ് ക്യാപ്റ്റന്‍സി ചർച്ചകള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
എഡ്‍ജ്ബാസ്റ്റണില്‍ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു ഇന്നലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ദ്രാവിഡ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. രോഹിത്തിന് കളിക്കാവാതെ വന്നാല്‍ ബുമ്ര സ്വാഭാവികമായും ക്യാപ്റ്റനാകും എന്ന റിപ്പോർട്ടുകളോടും ദ്രാവിഡ് പ്രതികരിച്ചു. 'ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് വരുന്നതാണ് ഇക്കാര്യത്തില്‍ ഉചിതം. രോഹിത്തിന്‍റെ കാര്യത്തില്‍ വ്യക്തത വന്നാല്‍ ഓദ്യോഗിക പ്രഖ്യാപനമുണ്ടാകും. രോഹിത്തിന് കളിക്കാനാകുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് മെഡിക്കല്‍ സംഘമാണ്' എന്നുമായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍.
കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. രോഹിത് ശർമ്മയുടെ കൊവിഡിനൊപ്പം ആരെ ഓപ്പണറാക്കും എന്ന തലവേദനയും ഇന്ത്യന്‍ ടീമിനുണ്ട്.
ENG vs IND : എഡ്‍ജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരെ ഇംഗ്ലീഷ് സൂപ്പർതാരം തിരിച്ചെത്തും?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!