മത്സരങ്ങള്‍ നഷ്ടമാകുന്നതിനെ ഞാന്‍ വെറുക്കുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം നഷ്ടമായതില്‍ നിരാശയുണ്ട് എന്നും ജിമ്മി ആന്‍ഡേഴ്സണ്‍. 

എഡ്‍ജ്ബാസ്റ്റണ്‍: എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(Edgbaston Test) ഇന്ത്യക്കെതിരെ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ടിന്‍റെ ഇതിഹാസ പേസർ ജിമ്മി ആന്‍ഡേഴ്സണ്‍(James Anderson). ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് കാല്‍ക്കുഴയ്ക്കേറ്റ പരിക്കുമൂലം ആന്‍ഡേഴ്സണിന് നഷ്ടമായിരുന്നു. എഡ്‍ജ്ബാസ്റ്റണില്‍ വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ്(ENG vs IND 5th Test) തുടങ്ങുന്നത്. 

ജിമ്മിയുടെ വാക്കുകള്‍

'മത്സരങ്ങള്‍ നഷ്ടമാകുന്നതിനെ ഞാന്‍ വെറുക്കുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം നഷ്ടമായതില്‍ നിരാശയുണ്ട്. ഞാന്‍ എത്രയും വേഗം മടങ്ങിയെത്താനാണ് സഹതാരങ്ങളുടെ ആഗ്രഹം. ഈ ആഴ്ച എനിക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാല്‍ക്കുഴയ്ക്ക് ഏറെ ഭേദമുണ്ട്. കുറച്ച് പരിശീലനം നടത്താന്‍ സാധിച്ചാല്‍ വെള്ളിയാഴ്ച കളിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്താണ് കാത്തിരിക്കുന്നതെന്ന് കണ്ടറിയാം' എന്നും ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ജിമ്മി ആന്‍ഡേഴ്സണ്‍ വാർത്താ ഏജന്‍സിയായ എഎഫ്‍പിയോട് വ്യക്തമാക്കി. 

അതേസമയം എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ കളിക്കില്ലെന്നാണ് റിപ്പോർട്ട്. രോഹിത് കൊവിഡ് പരിശോധനയില്‍ വീണ്ടും പോസിറ്റീവായതായും പകരം ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കുമെന്നും വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്താ ഏജന്‍സിയുടെ റിപ്പോർട്ട്. അങ്ങനെയെങ്കില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

സാധ്യത തള്ളാതെ ദ്രാവിഡ്

എന്നാല്‍ എഡ്‍ജ്ബാസ്റ്റണില്‍ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു ഇന്നലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ദ്രാവിഡ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ജൂലൈ 1 മുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ബെന്‍ സ്റ്റോക്സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇന്ത്യയെ നയിക്കാന്‍ രോഹിത് ഇല്ല, പകരം നായകനെ പ്രഖ്യാപിച്ചു