
എഡ്‍ജ്ബാസ്റ്റണ്‍: അഞ്ച് സെഞ്ചുറികള്‍! സ്വപ്ന വർഷമാണ് 2022 ഇംഗ്ലീഷ് ബാറ്റർ ജോണി ബെയ്ർസ്റ്റോയ്ക്ക്(Jonny Bairstow). അവസാന മൂന്ന് ടെസ്റ്റില്‍ 8, 136, 162, 71*, 106 എന്നിങ്ങനെയാണ് ജോണിയുടെ സ്കോർ. എഡ്‍ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യക്കെതിരെയും മൂന്നക്കം തികച്ചതോടെ അപൂർവ റെക്കോർഡിന് ജോണി ബെയ്ർസ്റ്റോ അർഹനായി. ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാർക്ക് മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.
അഞ്ചോ അതില്‍ത്താഴെയോ സ്ഥാനത്ത് ബാറ്റ് ചെയ്ത് ഒരു കലണ്ടർ വർഷത്തില്‍ അഞ്ചോ അതിലധികമോ ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് ബെയ്ർസ്റ്റോ. 2012ല്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ മൈക്കല്‍ ക്ലാർക്കാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏകതാരം. തുടർച്ചയായി മൂന്ന് ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന 15-ാം ഇംഗ്ലീഷ് താരമെന്ന നേട്ടവും എഡ്‍ജ്ബാസ്റ്റണ്‍ ഇന്നിംഗ്സോടെ ബെയ്ർസ്റ്റോയ്ക്ക് സ്വന്തമായി. എഡ്‍ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 284 റണ്‍സിലെത്തിച്ചത് ജോണിയുടെ ശതമാണ്.
140 പന്തിലാണ് 14 ഫോറും രണ്ട് സിക്സും സഹിതം ജോണി ബെയ്ർസ്റ്റോ 106 റണ്‍സെടുത്തത്. ബെയ്ർസ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പർ. 25 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സ്, 36 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സ് എന്നിവർക്കൊപ്പമുള്ള ബെയ്ർസ്റ്റോയുടെ കൂട്ടുകെട്ടുകള്‍ ഇംഗ്ലണ്ടിന് നിർണായകമായി. എങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായി. ഇന്ത്യക്ക് 132 റണ്‍സിന്‍റെ നിർണായക ലീഡ് ലഭിച്ചു. ഇന്ത്യക്കായി പേസർമാരായ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷർദ്ദുല്‍ ഠാക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി.
ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.