കന്നി സെഞ്ചുറിയുമായി റിഷഭ് പന്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, പരമ്പര

By Web TeamFirst Published Jul 17, 2022, 10:50 PM IST
Highlights

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് (113 പന്തില്‍ 125) പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഹാര്‍ദിക് (55 പന്തില്‍ 71) മികച്ച പിന്തുണ നല്‍കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (60) ഇന്നിംഗ്‌സാണ് ആശ്വാസമായത്. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങി. യൂസ്‌വേന്ദ്ര ചാഹലിന് മൂന്ന് വിക്കറ്റുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. കോലി തന്റെ മോശം ഫോം തുടരുകയാണ്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തില്‍ ബാറ്റ് വച്ചാണ് കോലി മടങ്ങുന്നത്. സൂര്യകുമാറിനും (16) അധികം പിടിച്ചുനില്‍ക്കാനായില്ല. ക്രെയ്ഗ് ഓവര്‍ടോണിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച്. പിന്നീട പന്ത്- ഹാര്‍ദിക് സഖ്യം കൂട്ടിചര്‍ത്ത 133 റണ്‍സാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയത്. 55 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഹാര്‍ദിക് ഇത്രയും റണ്‍സെടുത്തത്. എന്നാല്‍ ബ്രൈഡണ്‍ കാര്‍സിന്റെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി ഹാര്‍ദിക് മടങ്ങി.

ഹാര്‍ദിക് മടങ്ങിയെങ്കിലും പന്ത് വിജയം പൂര്‍ത്തിയാക്കി. ഇതിനിടെ പന്ത് സെഞ്ചുറിയും ആഘോഷിച്ചു. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഡേവിഡ് വില്ലിയെറിഞ്ഞ 42-ാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് പന്ത് നേടിയത്. തൊട്ടടുത്ത ഓവറില്‍ വിജയവും പരമ്പരയും. രവീന്ദ്ര ജഡേജ (7) പുറത്താവാതെ നിന്നു. 

നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് (Mohammed Siraj), ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍‌സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും (0) സിറാജ് മടക്കി. സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്.

ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41)- സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി. റോയ് ഏഴ് ബൗണ്ടറികള്‍ നേടി. മികച്ച തുടക്കം സ്‌റ്റോക്‌സിന് മുതലാക്കാനായില്ല. ഹാര്‍ദിക് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 

പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി (37), ലിയാം ലിവിംഗ്‌സറ്റണ്‍ (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഒട്ടും വൈകാതെ ലിവിംഗ്സ്റ്റണും പവലിയനില്‍ തിരിച്ചെത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ജഡേജയ്ക്ക് സാധിച്ചു. അതേ ഓവറില്‍ ബട്‌ലറും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാല്‍ ഡേവിഡ് വില്ലി (18), ക്രെയ്ഗ് ഓവര്‍ടോണ്‍ (32) എന്നിവര്‍ സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചു. റീസെ ടോപ്‌ലിയാണ് പുറത്തായ മറ്റൊരു താരം. ബ്രൈഡണ്‍ കാര്‍സെ (3) പുറത്താവാതെ നിന്നു.  

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രെയ്ഗ് ഓവര്‍ടോണ്‍, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, റീസെ ടോപ്‌ലി.
 

click me!