
ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പ് വമ്പന്‍ പ്രവചനം നടത്തി 'എട്ടിന്‍റെ പണി' വാങ്ങിക്കൂട്ടി മൈക്കല്‍ വോണ്‍. മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് 400 റണ്‍സ് അടിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നായിരുന്നു വോണ്‍ പറഞ്ഞത്. ഇപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കഴിഞ്ഞതോടെ അധികമൊന്നും ഇല്ല, 400ന് ഒരു 290 റണ്ണിന്‍റെ കുറവേയുള്ളൂ എന്നാണ് വോണിനോട് ട്രോളന്മാര്‍ പറയുന്നത്. . ഇംഗ്ലണ്ട് വളരെ കരുത്തരാണ്. വിക്കറ്റ് ഫ്ലാറ്റായിരിക്കും. ഇംഗ്ലണ്ട് നെതർലന്‍ഡ്‍സിനെതിരെ 498 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. അത് ഇന്ത്യക്കെതിരെ സാധ്യമല്ല.
എങ്കിലും 400 റണ്‍സടിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല എന്നായിരുന്നു വോണിന്‍റെ വാക്കുകള്‍. ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ ഐതിഹാസിക ബൗളിംഗിന് മുന്നില്‍ 25.2 ഓവറില്‍ വെറും 110 റണ്ണിനാണ് വിഖ്യാത ഇംഗ്ലീഷ് നിര പുറത്തായിട്ടുള്ളത്. നാണക്കേടിന്‍റെ ഒരുപിടി റെക്കോര്‍ഡുകളും കൂടെ ജോസ് ബട്‍ലറിന്‍റെ ടീമിനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ഇംഗ്ലണ്ടിന്‍റെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് കുറിച്ചത്.
നേരത്തെ, 2006ല്‍ ജയ്പുരില്‍ 126 റണ്‍സിന് പുറത്തായതായിരുന്നു ഏറ്റവും കുഞ്ഞന്‍ സ്കോര്‍. അന്ന് മുനാഫ് പട്ടേലും രമേഷ് പവാറും ഇര്‍ഫാന്‍ പത്താനും അടങ്ങുന്ന ബൗളിംഗ് നിരയാണ് ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്. ഇത് കൂടാതെ, ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഏറ്റവും കുറഞ്ഞ റണ്ണിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നതിനും ഓവല്‍ സാക്ഷിയായി. 1997ല്‍ കൊളംബോയില്‍ പാകിസ്ഥാന്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റ് ഇന്ത്യക്കെതിരെ നഷ്ടപ്പെടുത്തിയതായിരുന്നു മുന്‍ റെക്കോർഡ്.
ആദ്യം ബാറ്റ് ചെയ്താല്‍ ഇംഗ്ലണ്ട് 400 റണ്ണടിച്ചാല്‍ പോലും അത്ഭുതപ്പെടില്ല എന്നാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ മത്സരത്തിന് മുമ്പ് പറഞ്ഞത്. എന്നാല്‍ ഓവലില്‍ ആരാധകർ സാക്ഷിയായത് ഇംഗ്ലീഷ് ബാറ്റിംഗ് ദുരന്തത്തിനായിരുന്നു. ജസ്പ്രീത് ബുമ്ര തുടങ്ങിയത് മുഹമ്മദ് ഷമി ഫിനിഷ് ചെയ്യുകയായിരുന്നു എന്ന് പറയുന്നതാണ് ഉചിതം. പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു.