
ലോര്‍ഡ്‌സ്: ഏക ടെസ്റ്റിന്‍റെ പരമ്പരയില്‍ അയര്‍ലന്‍ഡിന്‍റെ നടുവൊടിച്ച് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ തീപാറും ബൗളിംഗ്. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡിന്‍റെ ബാറ്റിംഗ് വെറും 56.2 ഓവറില്‍ 172 റണ്‍സില്‍ അവസാനിച്ചു. 17 ഓവറില്‍ 51 റണ്‍സിന് അഞ്ച് വിക്കറ്റുമായി വിന്‍റേജ് സ്റ്റുവര്‍ട്ട് ബ്രോഡ‍് തകര്‍ത്തെറിഞ്ഞതോടെയാണ് അയര്‍ലന്‍ഡ് തരിപ്പിണമായത്. ജാക്ക് ലീച്ച് മൂന്നും മാത്യൂ പോട്ട്‌സ് രണ്ടും വിക്കറ്റ് നേടി. 36 റണ്‍സ് നേടിയ ഓപ്പണര്‍ ജയിംസ് മക്കല്ലും ആണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍.
അയര്‍ലന്‍ഡ് ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ന്യൂബോളില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തകര്‍ത്തെറിയുന്നതിനാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനം സാക്ഷ്യം വഹിച്ചത്. തന്‍റെ ആദ്യ നാല് ഓവറിനിടെ തന്നെ ബ്രോഡ് തീപ്പന്തമായി. പീറ്റര്‍ മൂറിനെയും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണീയെയും ഹാരി ടെക്‌സറിനേയും പുറത്താക്കി തുടക്കത്തിലെ ബ്രോഡ് കനത്ത ആക്രമണം നടത്തിയതോടെ അയര്‍ലന്‍ഡ് 6.3 ഓവറില്‍ 19-3 എന്ന നിലയില്‍ തകര്‍ന്നു. മൂര്‍ 12 പന്തില്‍ 10 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ബാര്‍ബര്‍ണീക്കും ടെക്‌റിനും അക്കൗണ്ട് തുറക്കാനായില്ല.
പരിചയസമ്പന്നനായ പോള്‍ സ്റ്റിര്‍ലിംഗിനെ 35 പന്തില്‍ 30 എടുത്ത് നില്‍ക്കേ ജാക്ക് ലീച്ച് മടക്കിയത് അയര്‍ലന്‍ഡിന് അടുത്ത പ്രഹരമായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോറന്‍ ടക്കെറും(33 പന്തില്‍ 18), കര്‍ട്ടിസ് കാംഫെറും(79 പന്തില്‍ 33) ലീച്ചിന് കീഴടങ്ങി. ഇതിനിടെ 108 പന്തില്‍ 36 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച ഓപ്പണര്‍ ജയിംസ് മക്കല്ലുമിനെ മടക്കി ബ്രോഡ് അയര്‍ലന്‍ഡിന്‍റെ പ്രതീക്ഷകളെല്ലാം തകര്‍ത്തു. പിന്നീട് വാലറ്റത്ത് ആന്‍ഡി മക്‌ബ്രൈനും(23 പന്തില്‍ 14), മാര്‍ക്ക് അഡൈറും(32 പന്തില്‍ 14) പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും മാത്യൂ പോട്‌സും ബ്രോഡും തിരിച്ചടി നല്‍കി. അഡൈറെ പുറത്താക്കി ബ്രോഡ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ ഫിയോന്‍ ഹാന്‍ഡിനെ(7 പന്തില്‍ 1) പറഞ്ഞയച്ച് പോട്ട്‌സ് അയര്‍ലന്‍ഡ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. അക്കൗണ്ട് തുറക്കാതെ ഗ്രഹാം ഹ്യൂം പുറത്താവാതെ നിന്നു.
Read more: ആശ്വാസ വാര്‍ത്ത, 'തല' സുഖമായിരിക്കുന്നു; ധോണിയുടെ ശസ്‌ത്രക്രിയ വിജയകരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം