
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 27 റണ്‍സെടുത്തു. 24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റൈസ് ടോപ്‌ലിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും. സ്കോര്‍ ഇംഗ്ലണ്ട് 49 ഓവറില്‍ 246ന് ഓള്‍ ഔട്ട്, ഇന്ത്യ 38.5 ഓവറില്‍ 146ന് ഓള്‍ ഔട്ട്.
തലതകര്‍ത്ത് ടോപ്‌ലി
ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ടോപ്‌ലിയാണ് അക്കൗണ്ട് തുറക്കും മുമ്പെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും 9 റണ്‍സെടുത്ത ധവാനെ വിക്കറ്റിന് പിന്നില്‍ ബട്‌ലറുടെ കൈകളിലെത്തിച്ച് ടോപ്‌ലി ഇരട്ടപ്രഹരമേല്‍പ്പിച്ചു.
ലോര്‍ഡ്സില്‍ പന്താട്ടമില്ല
റിഷഭ് പന്തിന്‍റെ ഊഴമായിരുന്നു പിന്നീട്. അഞ്ച് പന്ത് നേരിട്ട റിഷഭ് പന്തിനെ റണ്ണെടുക്കുംമുമ്പെ ബ്രൈഡന്‍ കാഴ്സ് മടക്കി. മൂന്ന് ബൗണ്ടറയടിച്ച് മികച്ച തുടക്കമിട്ട ഇന്ത്യയുടെ ചേസ് മാസ്റ്ററായിരുന്ന വിരാട് കോലി ഡേവിഡ് വില്ലിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ബട്‌ലര്‍ക്ക് പിടികൊടുത്ത് മടങ്ങി. 16 റണ്‍സായിരുന്നു കോലിയുടെ സംഭാവന. ഇതോടെ ഇന്ത്യ 31-4ലേക്ക് കൂപ്പുകുത്തി.
പ്രതീക്ഷ നല്‍കി സൂര്യ-ഹാര്‍ദ്ദിക്, തകര്‍ത്തെറിഞ്ഞ് ടോപ്‌ലി
സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 38 റണ്‍സടിച്ചെങ്കിലും സൂര്യകുമാറിനെ മടക്കി ടോപ്‌ലി ആ പ്രതീക്ഷയും തകര്‍ത്തു. അവസാന പ്രതീക്ഷയായ ഹാര്‍ദ്ദിക്-ജഡേജ സഖ്യം ഇന്ത്യയെ 100 കടത്തിയെങ്കിലും മൊയീന്‍ അലിയെ സിക്സടിക്കാനുള്ള ഹാര്‍ദ്ദിക്കിന്‍റെ(29) ശ്രമം ബൗണ്ടറിയില്‍ ലിയാം ലിവിംഗ്സ്റ്റണിന്‍റെ കൈകളിലൊതുങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. അവസാനം രവീന്ദ്ര ജഡേജ(29) മുഹമ്മദ് ഷമിയെ(23) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടത്തിന് ഇന്ത്യയുടെ തോല്‍വി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ഇംഗ്ലണ്ടിനായി ടോപ്‌ലി ആറ് വിക്കറ്റെടുത്തപ്പോള്‍ വില്ലി, കാഴ്സ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ വിക്കറ്റ് 246 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 47 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായത്. ജോണി ബെയര്‍സ്റ്റോ(38) ലിയാം ലിവിംഗ്സ്റ്റണ്‍(33), ഡേവിഡ് വില്ലി(41) എ ന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു.