അത്ഭുതങ്ങളില്ല, ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി

By Web TeamFirst Published Aug 28, 2021, 5:33 PM IST
Highlights

ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാല്‍ തുടക്കത്തിലെ ചേതേശ്വര്‍ പൂജാരയെയും(91) ക്യാപ്റ്റന്‍ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. പരമ്പരയിലെ നാലാം ടെസ്റ്റ് അടുത്തമാസം രണ്ടിനെ കെന്‍സിംഗ്ടണ്‍ ഓവലില്‍ തുടങ്ങും.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല

ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. 91 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയിലും വിരാട് കോലിയിലുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് ഒറു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കാതെ പൂജാരയെ(91) വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് ആദ്യപ്രഹരമേല്‍പ്പിച്ചു.

സെഞ്ചുറിയിലേക്ക് ഇനി എത്രദൂരം

കഴിഞ്ഞ 50 ഇന്നിംഗ്‌സുകളിലായി ഒറു രാജ്യാന്തര സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത ക്യാപ്റ്റന്‍ വിരാട് കോലി അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ റോബിന്‍സന്റെ പന്തില്‍ സ്ലിപ്പില്‍ റൂട്ടിന് ക്യാച്ച് നല്‍കി കോലി(55) മടങ്ങിയതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും വെള്ളത്തിലായി.

പോരാട്ടമില്ലാതെ രഹാനെയും പന്തും

അജിങ്ക്യാ രഹാനെയില്‍ നിന്നും റിഷഭ് പന്തില്‍ നി്ന്നും കാര്യമായ ചെറുത്തുനില്‍പ്പൊന്നുമുണ്ടായില്ല. 10 റണ്‍സെടുത്ത രഹാനെയെ ആന്‍ഡേഴ്‌സണും ഒരു റണ്ണെടുത്ത റിഷഭ് പന്തിനെ റോബിന്‍സണും മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനില്‍പ്പ ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. ഇംഗ്ലണ്ടിനായി റോബിന്‍സണ്‍ അഞ്ചും ഓവര്‍ടണ്‍ മൂന്നും വിക്കറ്റെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!