ബാബറും റിസ്‌വാനും മങ്ങി; ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് വമ്പന്‍ തോല്‍വി, പരമ്പരയില്‍ പിന്നില്‍

By Gopala krishnanFirst Published Sep 23, 2022, 11:36 PM IST
Highlights

രണ്ടാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും നിറം മങ്ങിയതാണ് പാക്കിസ്ഥാനെ വമ്പന്‍ തോല്‍വിയിലേക്ക് നയിച്ചത്. ജയത്തോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 221-3, പാക്കിസ്ഥാന്‍ 20 ഓവറില്‍ 158-8.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാക്കിസ്ഥാന് 63 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷാന്‍ മസൂദ് മാത്രമെ പാക് നിരയില്‍ പൊരുതിയുള്ളു. മസൂദിന് പുറമെ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നുള്ളു.

രണ്ടാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും നിറം മങ്ങിയതാണ് പാക്കിസ്ഥാനെ വമ്പന്‍ തോല്‍വിയിലേക്ക് നയിച്ചത്. ജയത്തോടെ ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 221-3, പാക്കിസ്ഥാന്‍ 20 ഓവറില്‍ 158-8.

തലയരിഞ്ഞ് മാര്‍ക്ക് വുഡ്

രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബാബര്‍ അസമിനെ(6 പന്തില്‍ 8) തുടക്കത്തിലെ മടക്കി മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന് മേല്‍ക്കേ നേടിക്കൊടുത്തത്. തൊട്ടു പിന്നാലെ മുഹമ്മദ് റിസ്‌വാനെ(14 പന്തില്‍ 8) വീഴ്തത്തി റീസ് ടോപ്‌ലി പാക്കിസ്ഥാന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഹൈദര്‍ അലിയെ(3) മാര്‍ക്ക് വുഡും ഇഫ്തിഖര്‍ അഹമ്മദിനെ(6) സാം കറനും വീഴ്ത്തിയതോടെ 28-4ലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാനെ ഷാന്‍ മസൂദിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് 100 കടത്തിയത്. ഖുഷ്ദില്‍ ഷാ(29), മുഹമ്മദ് നവാസ്(19) എന്നിവര്‍ മാത്രമാണ് മസൂദിനൊപ്പം പിടിച്ചുനില്‍ക്കാനെങ്കിലും ശ്രമിച്ചത്. പാക് നിരയില്‍ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

പട നയിച്ച് രോഹിത്, ഫിനിഷ് ചെയ്ത് കാര്‍ത്തിക്; ജീവന്‍മരണപ്പോരില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പം

നടുവൊടിച്ച് റഷീദ്

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് നാലോവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഖുഷ്ദില്‍ ഷായെയും മുഹമ്മദ് നവാസിനെയും മടക്കിയ റഷീദാണ് പാക്കിസ്ഥാന്‍റെ നടുവൊടിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്‍റെയും(35 പന്തില്‍ 81*)ബെന്‍ ഡക്കറ്റിന്‍റെയും(42 പന്തില്‍ 70*) തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ഓപ്പണര്‍ വില്‍ ജാക്സ് 22 പന്തില്‍ 40 റണ്‍സെടുത്തു. ഒമ്പതാം ഓവറില്‍ 84-3 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ഡക്കറ്റും ബ്രൂക്സും ചേര്‍ന്ന് 137 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടിലൂടെ 221 റണ്‍സിലെത്തിക്കുകയായിരുന്നു. പാക്കിസ്ഥാനുവേണ്ടി ഉസ്മാന്‍ ഖാദിര്‍ രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും രണ്ടാം മത്സരം പാക്കിസ്ഥാനും ജയിച്ചിരുന്നു.

സൂപ്പര്‍ ഹിറ്റ്മാന്‍ ആയി രോഹിത്, സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ്

click me!