സാൾട്ടും ബട്ട്ലറും കത്തിക്കയറി, ചരിത്രം രചിച്ച് ഇം​ഗ്ലീഷ് പട, ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 മത്സരത്തിൽ 300 കടന്നു, കൂറ്റൻ ജയം

Published : Sep 13, 2025, 07:49 AM IST
Phil salt and Buttler

Synopsis

ചരിത്രം രചിച്ച് ഇം​ഗ്ലീഷ് പട. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 146 റൺസിന്റെ കൂറ്റൻ വിജയവും ഇം​ഗ്ലണ്ട് സ്വന്തമാക്കി. 60 പന്തിൽ 141 റൺസെടുത്ത ഫിൽ സാൾട്ടും 30 പന്തിൽ 83 റൺസെടുത്ത ജോസ് ബട്ലറും തിളങ്ങി. 

മാഞ്ചസ്റ്റർ: ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നേട്ടവുമായി ഇം​ഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇം​ഗ്ലണ്ട് 300 റൺസ് കടന്നു. ഓൾഡ്ട്രാഫോഡിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 146 റൺസിന്റെ കൂറ്റൻ വിജയവും ഇം​ഗ്ലണ്ട് സ്വന്തമാക്കി. 60 പന്തിൽ 141 റൺസെടുത്ത ഫിൽ സാൾട്ടും 30 പന്തിൽ 83 റൺസെടുത്ത ജോസ് ബട്ലറും 21 പന്തിൽ 41 റൺസെടുക്ക ക്യാപ്റ്റൻ ഹാരി ബ്രൂക്കും 14 പന്തിൽ 26 റൺസെടുത്ത ജേക്കബ് ബെതലും ഇം​ഗ്ലണ്ടിനായി തകർത്തടിച്ചു. മത്സരത്തിലാകെ 18 സിക്സറുകളും 29 ഫോറും പിറന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ ബൗളർമാർ പൊതിരെ തല്ലുവാങ്ങി. സ്റ്റാർ ബൗളർ കാ​ഗിസോ റബാഡയാണ് ഏറ്റവും കൂടുതൽ അടിവാങ്ങിയത്. നാലോവറിൽ 70 റൺസ് വഴങ്ങി റബാഡക്ക് ഒരുവിക്കറ്റ് പോലും ലഭിച്ചില്ല. മാർക്കോ ജാൻസെൻ നാലോവറിൽ 60, ലിസാഡ് വില്യംസ് മൂന്നോവറിൽ 62, ജോൺ ഫോർചുവിൻ നാലോവറിൽ 52, ക്വേന മഫാക്ക നാലോവറിൽ 41, എയ്ഡൻ മർക്രം ഓരോവറിൽ 19 എന്നിങ്ങനെയാണ് റൺസ് വഴങ്ങിയത്. ഇതിൽ ഫോർചുവിൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.

രണ്ടും കൽപ്പിച്ചായിരുന്നു ഇം​ഗ്ലണ്ടിന്റെ തുടക്കം. സാൾട്ടും ബട്ട്ലറും ആദ്യ ഓവറിൽ തന്നെ നയം വ്യക്തമാക്കിയ തുടക്കമായിരുന്നു. ഇരുവരും മത്സരിച്ച് കത്തിക്കയറി. ആദ്യ വിക്കറ്റിൽ 7.2 ഓവറിൽ തന്നെ 127 റൺസ് നേടി. ബട്ട്ലറായിരുന്നു കൂടുതൽ അപകടകാരി. സൗത്താഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് ബട്ട്ലർ വെറും 30 പന്തിൽ നിന്നാണ് 83 റൺസെടുത്തത്. ഏഴ് പടുകൂറ്റൻ സിക്സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. ബട്ട്ലറുടെ മടക്കശേഷം ദൗത്യം സാൾട്ട് ഏറ്റെടുത്തു. എട്ട് സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിങ്സ്. പിന്നിട്ട വഴിയിൽ നിരവധി റെക്കോർഡുകളും സാൾട്ട് സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ജോഡി 1000 റൺസിന്റെ കൂട്ടുകെട്ട് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് ജോഡിയായി ഇരുവരും മാറി. 

ഒരു ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗതയേറിയതും ഉയർന്നതുമായ ടി20 സെഞ്ച്വറിയാണ് സാൾട്ട് നേടിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു പുരുഷ ടീം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 300 റൺസ് കടക്കുന്നത്. നാലാമത്തെ ടി20 സെഞ്ച്വറി കൂടിയായിരുന്നു സാൾട്ട് സ്വന്തമാക്കിയത്. ഇം​ഗ്ലണ്ട് ടീമിൽ ഒന്നിലേറെ സെഞ്ച്വറി നേടുന്ന ഏക കളിക്കാരനാണ് സാൾട്ട്. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ ദക്ഷിണാഫ്രിക്ക 158 റൺസിൽ പുറത്തായി. 20 പന്തിൽ 41 റൺസെടുത്ത മാർക്രമാണ് ടോപ് സ്കോറർ. ആർച്ചർ മൂന്ന് വിക്കറ്റ് നേടി.

ടി-20 ക്രിക്കറ്റിൽ ഇതിന് മുമ്പ് രണ്ട് തവണയാണ് ഒരുടീം 300 കടക്കുന്നത്. 2024ൽ സിംബാബ്വെ ​ഗാംബിയക്കെതിരെ 344 റൺസെടുത്തതാണ് ഏറ്റവും ഉയർന്ന സ്കോർ. നേപ്പാൾ മം​ഗാളിയക്കെതിരെ 2023ൽ 314 റൺസ് നേടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല