കോണ്‍വെയുടെ ഇരട്ടസെഞ്ചുറി കരുത്തില്‍ കിവീസ്; തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചടിച്ച് ഇംഗ്ലണ്ട്

By Web TeamFirst Published Jun 3, 2021, 11:46 PM IST
Highlights

ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 378നെതിരെ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (59), ജോ റൂട്ട് (42) എന്നിവരാണ് ക്രീസില്‍.

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 378നെതിരെ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (59), ജോ റൂട്ട് (42) എന്നിവരാണ് ക്രീസില്‍. ഡൊമനിക് സിബ്ലി (0), സാക് ക്രൗളി (2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ഡെവോണ്‍ കോണ്‍വെ (200) അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയാണ് കിവീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ലോര്‍ഡ്‌സില്‍ തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ സിബ്ലി, ക്രൗളി എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. സിബ്ലിയെ ജെയ്മിസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ക്രൗളി സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് ക്യാച്ച് നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് ആധിപത്യം തിരിച്ചുപിടിച്ചു. ഇരുവരും ഇതുവരെ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ബൗണ്ടറിള്‍ അടങ്ങുന്നാണ് ബേണ്‍സിന്റെ ഇന്നിങ്‌സ്. റൂട്ട് അഞ്ച് ഫോര്‍ നേടി.

നേരത്തെ കോണ്‍വെയുടെ ഒറ്റയാള്‍ പോരാട്ടമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 22 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിവീസ് ഓപ്പണറുടെ ഇന്നിങ്‌സ്. സിക്‌സടിച്ചുകൊണ്ടാണ് താരം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം താരമാണ് കോണ്‍വെ. ഹെന്റി നിക്കോള്‍സ് 61 റണ്‍സെടുത്തു. 25 റണ്‍സെടുത്ത നീല്‍ വാഗ്നര്‍ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ഒല്ലി റോബിന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക് മൂന്നും ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റ് നേടി.

click me!