
ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടി20യ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഗസ് അറ്റ്കിന്‍സണെ ഒഴിവാക്കി. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരത്തെ ഒഴിവാക്കിയത്. ബാറ്റ് ചെയ്തപ്പോള്‍ 13 പന്തില്‍ നിന്ന് രണ്ട് റണ്‍ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്ന് പന്തെറിയാനെത്തിയ താരം രണ്ട് ഓവറില്‍ 38 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതില്‍ 22 റണ്‍സ് നേടിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. അറ്റ്കിന്‍സണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ നാല് ഫോറും ഒരു സിക്‌സുമാണ് സഞ്ജു അടിച്ചെടുത്തത്. രണ്ടാം ഓവറില്‍ 16 റണ്‍സും അറ്റ്കിന്‍സണ്‍ വിട്ടുനല്‍കി. നാളെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.
അറ്റ്കിന്‍സണ്‍ പകരം ബ്രൈഡന്‍ കാര്‍സിനെ 12 ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനായി 4 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാര്‍സ് ടി20 കരിയറില്‍ 6 വിക്കറ്റ് മാത്രമാണ് നേടിയത്. ഇന്ത്യയില്‍ ഇതുവരെ ഒരു മത്സരം കളിച്ചിട്ടില്ല. ചെന്നൈ ടി20യില്‍ ജേക്കബ് ബേഥലിന്റെ പങ്കാളിത്തം സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നതിനാല്‍ 12 പേരടങ്ങുന്ന ടീമില്‍ ജാമി സ്മിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേഥല്‍ പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ മാത്രം സ്മിത്തിനെ കളിപ്പിക്കും. കൊല്‍ക്കത്തയില്‍ 14 പന്തില്‍ 7 റണ്‍സ് നേടിയ ബേഥല്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിനായി തന്റെ കരിയറിന് മികച്ച തുടക്കം കുറിച്ചിരുന്നു സ്മിത്ത്. ബേഥല്‍ കളിച്ചില്ലെങ്കില്‍ സ്മിത്ത് ടി20 ഐയില്‍ അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ തിലക് വര്‍മയും (16 പന്തില്‍ 19) ഹാര്‍ദ്ദിക് പാണ്ഡ്യും (4 പന്തില്‍ 3) പുറത്താകാതെ നിന്നു. സഞ്ജു 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.