Paul Collingwood : പോള്‍ കോളിംഗ്‍‍വുഡ് ഇംഗ്ലണ്ടിന്‍റെ ഇടക്കാല പരിശീലകന്‍; മുന്നില്‍ കനത്ത വെല്ലുവിളി

Published : Feb 07, 2022, 07:30 PM ISTUpdated : Feb 07, 2022, 07:49 PM IST
Paul Collingwood : പോള്‍ കോളിംഗ്‍‍വുഡ് ഇംഗ്ലണ്ടിന്‍റെ ഇടക്കാല പരിശീലകന്‍; മുന്നില്‍ കനത്ത വെല്ലുവിളി

Synopsis

ആഷസ് പരമ്പര ഇംഗ്ലണ്ട് 4-0ന് കൈവിട്ടതോടെ മുന്‍താരങ്ങളില്‍ നിന്നടക്കം അതിരൂക്ഷ വിമര്‍ശനമാണ് ക്രിസ് സില്‍വര്‍വുഡ് നേരിട്ടത്

ലണ്ടന്‍: മുന്‍ ഓള്‍റൗണ്ടര്‍ പോള്‍ കോളിംഗ്‍‍വുഡിനെ (Paul Collingwood) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം (England Men's Cricket Team) ഇടക്കാല പരിശീലകനായി നിയമിച്ചു. മൂന്ന് ടെസ്റ്റുകളുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് കോളിംഗ്‍‍വുഡിന്‍റെ ചുമതല. ആഷസ് പരമ്പരയിലെ (Ashes 2021-22) ദയനീയ തോല്‍വിയെ തുടര്‍ന്ന് കസേര തെറിച്ച ക്രിസ് സില്‍വര്‍വുഡിന്‍റെ ( Chris Silverwood) പകരക്കാരനായാണ് 45 വയസുള്ള അസിസ്റ്റ് കോച്ചിനെ  ഇടക്കാല മുഖ്യ പരിശീലകനാക്കിയിരിക്കുന്നത്. ആഷസ് ദുരന്തത്തില്‍ നിന്ന് ഇംഗ്ലണ്ട് ടീമിനെ കരകയറ്റുകയാണ് കോളിംഗ്‍‍വുഡിന്‍റെ മുന്നിലുള്ള വെല്ലുവിളി. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലീഷ് ടീമിനെ നാളെ പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള കോളിംഗ്‍വുഡ് 68 ടെസ്റ്റില്‍ 10 സെഞ്ചുറികളും ഒരു ഇരട്ട ശതകവും സഹിതം 4259 റണ്‍സും 197 ഏകദിനങ്ങളില്‍ അഞ്ച് സെഞ്ചുറികളോടെ 5092 റണ്‍സും എട്ട് ടി20യില്‍ 203 റണ്‍സും നേടിയിട്ടുണ്ട്. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ 144 വിക്കറ്റും സമ്പാദ്യമായുണ്ട്. മികച്ച ഫീല്‍ഡറെന്ന വിശേഷണവും കോളിംഗ്‍‍വുഡിന് സ്വന്തം. പുതിയ ദൗത്യത്തിന് പിന്നാലെ ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഉപനായകന്‍ ബെന്‍ സ്റ്റോക്‌സുമായി കോളിംഗ്‍‍വുഡ് സംസാരിച്ചു. 2010ല്‍ ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിനെ നയിച്ചത് കോളിംഗ്‍വുഡായിരുന്നു. 

ആഷസ് പരമ്പര ഇംഗ്ലണ്ട് 4-0ന് കൈവിട്ടതോടെ മുന്‍താരങ്ങളില്‍ നിന്നടക്കം അതിരൂക്ഷ വിമര്‍ശനമാണ് ക്രിസ് സില്‍വര്‍വുഡ് നേരിട്ടത്. മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്‍ ഇംഗ്ലീഷ് മാനേജ്‌മെന്‍റില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്രിസ് സില്‍വര്‍വുഡിന്‍റെ പടിയിറക്കം. സില്‍വര്‍വുഡിനെ നിയമിച്ച മാനേജിംഗ് ഡയറക്‌‌ടര്‍ ആഷ്‌ലി ഗില്‍സ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പരിശീലകന്‍ രാജിവച്ചത് എന്നതും ശ്രദ്ധേയം. ഇടക്കാല മാനേജിംഗ് ഡയറക്‌ടറും ഇംഗ്ലണ്ട് മുന്‍ നായകനുമായ ആന്‍ഡ്രൂ സ്‌ട്രോസാണ് മുന്‍സഹതാരം കൂടിയായ പോള്‍ കൊളിംഗ്‍‍വുഡിനെ ഇടക്കാല പരിശീലകനായി കണ്ടെത്തിയിരിക്കുന്നത്. 

ഇംഗ്ലീഷ് ടെസ്റ്റ് സ്‌ക്വാഡ് ഈമാസം അവസാനം ആന്‍റി‌ഗ്വയില്‍ എത്തുമ്പോള്‍ പോള്‍ കോളിംഗ്‍‍വുഡ് ടീമിനൊപ്പം ചേരും. വിന്‍ഡീസിനെതിരെ മാര്‍ച്ച് എട്ടിനാണ് ഇംഗ്ലണ്ടിന്‍റെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വിന്‍ഡീസിനോട് ടി20 പരമ്പര ഇംഗ്ലണ്ട് 3-2ന് തോറ്റിരുന്നു.   

Chris Silverwood : ആഷസ് തോല്‍വി; ഇംഗ്ലണ്ട് പരിശീലകന്‍റെ കസേര തെറിച്ചു

PREV
click me!

Recommended Stories

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?