
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ച സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal) അഭിനന്ദിച്ച് ഇന്ത്യന്‍ (Team India) നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). മത്സരശേഷം ബിസിസിഐ (BCCI) ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് രോഹിത്തിന്‍റെ അഭിനന്ദനം. നിക്കോളാസ് പുരാനെ (Nicholas Pooran) വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ചാഹൽ നൂറ് വിക്കറ്റ് ക്ലബിൽ ഇടംപിടിച്ചത്. അറുപതാം ഏകദിനത്തിലാണ് നേട്ടം. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ബൗളറാണ് ചാഹൽ.
9.5 ഓവറില്‍ 49 റണ്‍സിന് നാല് വിക്കറ്റുമായി ചാഹല്‍ വിന്‍ഡീസിനെ വട്ടംകറക്കിയ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ 176ന് പുറത്തായി. ഷമാര്‍ ബ്രൂക്‌സ്(12), നിക്കോളാസ് പുരാന്‍(18), കീറോണ്‍ പൊള്ളാര്‍ഡ്(0), അല്‍സാരി ജോസഫ്(13) എന്നിവരെ ചാഹല്‍ മടക്കി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 28 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ചാഹല്‍ തന്നെയാണ് കളിയിലെ മികച്ച താരം.
സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചു. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് നേടി. 60 റണ്‍സ് നേടിയ രോഹിത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍സി ഭാരമില്ലാതെയെത്തിയ കോലി ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 8 റണ്‍സ് മാത്രമെടുത്ത കോലിയെ അല്‍സാരി തന്നെയാണ് മടക്കിയത്. കിഷനും (28) റിഷഭ് പന്തും (11) അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റ് കളഞ്ഞു. കിഷനെ അകെയ്ല്‍ ഹൊസൈന്‍ മടക്കിയപ്പോള്‍ റിഷഭ് റണ്ണൗട്ടാവുകയായിരുന്നു. കൂടുതല്‍ വിക്കറ്റുകള്‍ കളയാതെ സൂര്യകുമാര്‍ യാദവും (34), ദീപക് ഹൂഡയും (26) വിജയം പൂര്‍ത്തിയാക്കി.
IND vs WI : ഏകദിനത്തിലും നായകാരോഹണം ഗംഭീരമാക്കി രോഹിത് ശര്‍മ; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം