
ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 144 റണ്‍സ് വിജയലക്ഷ്യം. ലോര്‍ഡ്‌സില്‍ മഴയെ തുടര്‍ന്ന് 29 ഓവറാക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന (42), ദീപ്തി ശര്‍മ (പുറത്താവാതെ 30) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിന് സോഫി എക്ലെസ്റ്റോണ്‍ മൂന്നും എം അര്‍ലോട്ട്, ലിന്‍സി സ്മിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഏകദിനത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത പ്രതിക റാവലിനെ ആര്‍ലോട്ട് ബൗള്‍ഡാക്കി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സ്മൃതി - ഹര്‍ലീന്‍ ഡിയോള്‍ (16) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും എക്ലെസ്‌റ്റോണിന്റെ പന്തില്‍ ഹര്‍ലീന്‍ പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് (7) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ഹര്‍മന്‍ എക്ലെസ്‌റ്റോണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ജമീമ റോഡ്രിഗസ് (3) ആവട്ടെ ചാര്‍ലി ഡീനിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനും (2) തിളങ്ങാനായില്ല. എക്ലെസ്‌റ്റോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
21-ാം ഓവറില്‍ മന്ദാന പവലിയനില്‍ തിരിച്ചെത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി. സ്മിത്തിന്റെ പന്തില്‍ ചാര്‍ലി ഡീനിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് അരുന്ധതി റെഡ്ഡി (14), സ്‌നേഹ് റാണ (6), ക്രാന്തി ഗൗത് (4) എന്നിവരെ കൂട്ടുപിടിച്ച് ദീപ്തി ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 34 പന്തുകള്‍ നേരിട്ട ദീപ്തി രണ്ട് ബൗണ്ടറികള്‍ നേടി. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അമന്‍ജോത് കൗറിന് പകരം അരുന്ധതി റെഡ്ഡി ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, മയ്യ ബൗച്ചിയര്‍, എം ആര്‍ലോട്ട്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.
ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!