റൂട്ട് സെഞ്ചുറിക്കരികെ, ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക്; ഇന്ത്യക്കെതിരെ ഇനി ജയിക്കാന്‍ വേണ്ടത് 57 റണ്‍സ് മാത്രം

Published : Aug 03, 2025, 08:46 PM IST
Joe Root Lord's Test century

Synopsis

നാലാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 57 റണ്‍സ് മാത്രം. ഹാരി ബ്രൂക്ക് സെഞ്ചുറി നേടി.

ലണ്ടന്‍: ഇന്ത്യക്കെതിരെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തോട് അടുക്കുന്നു. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്. ഇനി ജയിക്കാന്‍ വേണ്ടത് 57 റണ്‍സ് മാത്രം. ജോ റൂട്ട് (98), ജേക്കബ് ബേതല്‍ (1) എന്നിവര്‍ ക്രീസിലുണ്ട്. 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ബ്രൂക്കിന് പുറമെ മറ്റു രണ്ട് വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റാണ് (54) ആദ്യം മടങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ബ്രൂക്ക് - റൂട്ട് സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. ബ്രൂക്കിനെ, ആകാശ് ദീപ് മടക്കിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 98 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറും നേടി. നേരത്തെ, ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. 19 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ബ്രൂക്കിന്റെ സ്‌കോര്‍. ഇംഗ്ലണ്ടിന് സാക് ക്രോളിയുടെ (14) വിക്കറ്റ് ആദ്യ ദിവസം നഷ്ടമായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ജയ്‌സ്വാളിന് പുറമെ നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. മൂന്നാം ദിനം ജയ്സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്. ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്‍സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മലയാളി താരം കരുണ്‍ നായര്‍ക്ക് (17) തിളങ്ങാനായില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കരുണ്‍ മടങ്ങുന്നത്.

ഇതിനിടെ ജയ്സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പരമ്പരയില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയ ശേഷം താരം പുറത്താവുകയും ചെയ്തു. ജോഷ് ടംഗിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് രവീന്ദ്ര ജഡേജ - ധ്രുവ് ജുറല്‍ (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി ജെയ്മി ഓവര്‍ടോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജ് (0) ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ജഡേജ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് സുന്ദര്‍ നടത്തിയ പോരാട്ടമാണ് ലീഡ് 350 കടത്തിയത്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു. ഗുസ് അറ്റകിന്‍സണ് മൂന്ന് വിക്കറ്റുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര