ഇംഗ്ലീഷ് ഓപ്പണര്‍ക്ക് കൊവിഡ്; വെളിപ്പെടുത്തലുമായി റമീസ് രാജ

By Web TeamFirst Published Mar 17, 2020, 5:29 PM IST
Highlights

ഹെയില്‍സ് ഇതുവരെ കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയനായിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷെ ടൂര്‍ണമെന്റിനിടെ അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിന് കൊവിഡ‍് 19 രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇടക്കുവെച്ച് നിര്‍ത്തി ഹെയില്‍സ് ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് കൊവിഡ് ആശങ്കയെത്തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി റമീസ് രാജ രംഗത്തെത്തിയത്. ലീഗില്‍ കറാച്ചി കിംഗ്സിനായാണ് ഹെയില്‍സ് കളിച്ചത്.

ഹെയില്‍സ് ഇതുവരെ കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയനായിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷെ ടൂര്‍ണമെന്റിനിടെ അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇത് കൊവിഡിന്റെയാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ വളരെ കരുതലെടുക്കേണ്ട കാര്യമാണിതെന്ന് ഞങ്ങള്‍ക്ക് അറിയാം. സാമാന്യബുദ്ധി ഉപയോഗിച്ച് ഈ സാഹചര്യത്തെ നേരിടുകയായിരുന്നു വേണ്ടിയിരുന്നത്-റമീസ് രാജ പറഞ്ഞു.

Karachi Kings’ player Alex Hales has been tested for coronavirus after developing flu symptoms - all his team players and commentators are also being tested pic.twitter.com/Jc8JH75dft

— omar r quraishi (@omar_quraishi)

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചത് ശരിയായ നടപടിയാണെന്നും റമീസ് രാജ പറഞ്ഞു. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താമായിരുന്നെങ്കിലും സാഹചര്യം മാറിയസ്ഥിതിക്ക് ടൂര്‍ണമെന്റ് മാറ്റിവെച്ചത് നന്നായെന്നും റമീസ് രാജ വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചതിന് പിന്നാലെ കളിക്കാരെയും ബ്രോഡ്‌കാസ്റ്റേഴ്സിനെയും കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

click me!