
എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. 56 റണ്‍സുമായി അലക്സ് ലീസും റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പും ക്രീസില്‍. 46 റണ്‍സെടുത്ത സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ക്രോളി-ലീസ് സഖ്യം വേര്‍പിരിഞ്ഞത്. ക്രോളിയെ ബൗള്‍ഡാക്കിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്ക് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍
378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ അടിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തിലെ വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ലീസും ക്രോളിയും ചേര്‍ന്ന് അടിച്ചുപറത്തി. തകര്‍ത്തടിച്ച ലീസാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലീസിന് ക്രോളി മികച്ച പിന്തുണ നല്‍കി.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ മെരുക്കാന്‍ പിച്ചില്‍ നിന്ന് യായൊരു സഹായവും ലഭിക്കാഞ്ഞതോടെ ഒമ്പതാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ വീഴ്ത്താന്‍ ജഡേജക്കുമായില്ല. 23 ഓവറിലാണ് 4.65 ശരാശരിയില്‍ ഇംഗ്ലണ്ട് 107 റണ്‍സടിച്ചത്.
നേരത്തെ125-3 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 245 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 57 റണ്‍സടിച്ചു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 33 റണ്‍സിന് നാലു വിക്കറ്റെടുത്തു.
തുടര്‍ച്ചയായ രണ്ടാം അവസരത്തിലും ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ ഠാക്കൂറും നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ തന്നെ തല്ലിയോടിച്ച റിഷഭ് പന്തിനെ മടക്കി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ കാത്തു. ഇന്ത്യന്‍ സ്കോര്‍ 200 കടക്കും മുമ്പ് ലീച്ചിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്തിനെ സ്ലിപ്പില്‍ ജോ റൂട്ട് പിടകൂടുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 229/7 എന്ന നിലയിലായിരുന്ന ഇന്ത്യ ലഞ്ചിന് ശേഷം 245ന് പുറത്തായി.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നാലു വിക്കറ്റെടുത്തപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ആന്‍ഡേഴ്സണും ലീച്ചും സ്റ്റോക്സും ഓരോ വിക്കറ്റ് വീഴ്ത്തി.