
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant) റെക്കോര്‍ഡ്. ആദ്യ ഇന്നിംഗ്സില്‍ 146 റണ്‍സടിച്ച പന്ത് രണ്ടാം ഇന്നിംഗ്സില്‍ 57 റണ്‍സടിച്ചാണ് പുറത്തായത്.
ഇതോടെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ ഒരു സന്ദര്‍ശക ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ സ്കോറും റിഷഭ് പന്തിന്‍റെ പേരിലായി. 1950ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറായിരുന്ന ക്ലൈഡ് വാല്‍ക്കോട്ട് രണ്ട് ഇന്നിംഗ്സുകളില്‍ 14ഉം 168ഉം റണ്‍സടിച്ച് 182 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളില്‍ 146ഉം 57ഉം റണ്‍സടിച്ച റിഷഭ് പന്ത് 203 റണ്‍സടിച്ചാണ് ഇത് തിരുത്തിയത്.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: പന്തിന് അര്‍ധസെഞ്ചുറി, ഇന്ത്യന്‍ ലീഡ് 350 കടന്നു
ധോണിയെയും മറികടന്ന് പന്ത്
ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും പന്ത് മറികടന്നിരുന്നു. 2011ല്‍ ബര്‍മിംഗ്ഹാമില്‍ രണ്ട് ഇന്നിംഗ്സിുകള്‍ എം എസ് ധോണി 77ഉം 74ഉം റണ്‍സടിച്ച് 151 റണ്‍സടിച്ചതായിരുന്നു ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യന്‍ കീപ്പ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പ്രകടനം. ആ മത്സരം പക്ഷ ഇന്ത്യ തോറ്റു.
ഇതിന് പുറമെ ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്ത് ഇന്ന് സ്വന്തം പേരിലാക്കി. 1973ല്‍ ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ ഫറോക്ക് എഞ്ചിനീയറാണ് പന്തിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ ഏക വിക്കറ്റ് കീപ്പര്‍. ആദ്യ ഇന്നിംഗ്സില്‍ 121ഉം രണ്ടാം ഇന്നിംഗ്സില്‍ 66ഉം റണ്‍സാണ് ഫറോക്ക് എഞ്ചിനീയര്‍ അന്ന് നേടിയത്.