ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം മഴ വില്ലനാകുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

Published : Aug 04, 2025, 09:34 AM ISTUpdated : Aug 04, 2025, 09:36 AM IST
India Day 4 Oval Test

Synopsis

ജയിക്കാൻ ഇംഗ്ലണ്ടിന് 35 റൺസ് വേണം, ഇന്ത്യക്ക് നാല് വിക്കറ്റുകളും.

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ഓവല്‍ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് നീങ്ങുകയാണ്. ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 35 റണ്‍സ്. ഇന്ത്യക്ക് വേണ്ടത് നാല് വിക്കറ്റും. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അവസാന ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 339 എന്ന നിലയിലാണ്. ജാമി ഓവര്‍ടോണ്‍ (0), ജാമി സ്മിത്ത് (2) എന്നിവരാണ് ക്രീസില്‍. അവസാന സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത കൃത്യതയാര്‍ന്ന പ്രകടനാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഹാരി ബ്രൂക്ക് (111), ജോ റൂട്ട് (105) എന്നിവരുടെ വിക്കറ്റ് ഇംഗ്ലണ്ടിനെ പിറകോട്ടടിപ്പിച്ചു.

അവസാന ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ മഴ വില്ലനാകുമോ എന്നുള്ളതാണ് മറ്റൊരു പ്രധാന ചോദ്യം. ഇന്ന് സൗത്ത് ലണ്ടന്‍ പ്രദേശത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരത്തിനിടെ മഴ ഓവലിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യ സെഷനില്‍ മത്സരത്തെ മഴ ബാധിക്കില്ല. ആദ്യ സെഷനില്‍ തന്നെ മത്സരം തീരേണ്ടതാണ്. ബിബിസി കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മഴ പെയ്യാന്‍ സാധ്യത. ആദ്യ സെഷന്‍ മേഘാവൃതമായിരിക്കും. നാല് ഓവറിന് ശേഷം പുതിയ പന്ത് എടുക്കുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സഹായകരമാകും.

നാലാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 57 റണ്‍സ് മാത്രം. എന്നാല്‍ പിന്നീട് കഥമാറി. ബെന്‍ ഡക്കറ്റാണ് (54) ഇന്ന് ആദ്യം മടങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ബ്രൂക്ക് - റൂട്ട് സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. ബ്രൂക്കിനെ, ആകാശ് ദീപ് മടക്കിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 98 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറും നേടി.

നേരത്തെ, ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. 19 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ബ്രൂക്കിന്റെ സ്‌കോര്‍. ബ്രൂക്ക് പോയതോടെ ഇംഗ്ലണ്ട് അല്‍പം പ്രതിരോധത്തിലായി. പകരം ക്രീസിലെത്തിയ ജേക്കബ് ബേതല്‍ (5) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 31 പന്തുകള്‍ കളിച്ച താരത്തെ ഒടുവില്‍ പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡാക്കി. ഇതിനിടെ റൂട്ട് സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ റൂട്ടിന് സാധിച്ചില്ല. പ്രസിദ്ധിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. തുടര്‍ന്ന് സ്മിത്ത് - ഓവര്‍ടോണ്‍ സഖ്യം പ്രതിരോധിച്ച് നിന്നു. ഇംഗ്ലണ്ടിന് സാക് ക്രോളിയുടെ (14) വിക്കറ്റ് ആദ്യ ദിവസം നഷ്ടമായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ.

 

PREV
Read more Articles on
click me!

Recommended Stories

ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്
ഗില്‍ കായികക്ഷമത വീണ്ടെടുത്തു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായി കളിക്കും; സഞ്ജുവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം