വിരമിക്കുന്നതിന് മുമ്പ് ആ രണ്ട് കൊടുമുടികള്‍ കൂടി കീഴടക്കണമെന്ന് സ്റ്റീവ് സ്മിത്ത്

By Web TeamFirst Published Aug 6, 2020, 5:51 PM IST
Highlights

ഈ രണ്ട് രാജ്യങ്ങളാണ് കീഴടക്കാനുള്ള വലിയ രണ്ട് കൊടുമുടികള്‍. അതിന് കഴിഞ്ഞാല്‍ അത് വളരെ സ്പെഷലായിരിക്കും. അതിന് കഴിയുമെന്നാണ് പ്രതീക്ഷ. എനിക്ക് പ്രായമായി വരികയാണ്. എത്രകാലും ക്രിക്കറ്റില്‍ തുടരാനാവുമെന്ന് പറയാനാവില്ല. എങ്കിലും കരിയറിലെ ഈ രണ്ട് ലക്ഷ്യങ്ങള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണെന്നും സ്മിത്ത് പറഞ്ഞു.

സിഡ്നി:  വിരമിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട രണ്ട് ആഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര ജയിക്കുകയും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കികയുമാണ് കരിയറില്‍ കീഴടക്കാനുള്ള രണ്ട് കൊടുമുടികളെന്ന് സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയില്‍ നാല് ടെസ്റ്റില്‍ നിന്ന് 774 റണ്‍സടിച്ച് സ്മിത്ത് അമാനുഷിക പ്രകടനം പുറത്തെടുത്തെങ്കിലും അഞ്ച് മത്സര പരമ്പര 2-2ന് സമനിലയായി. നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസീസ് ആഷസ് നിലനിര്‍ത്തുകയും ചെയ്തു.

പൂര്‍ത്തീകരിക്കാനുള്ള ഈ രണ്ട് കാരങ്ങള്‍ ബാക്കി നില്‍ക്കുന്നത് എപ്പോഴും നിരാശപ്പെടുത്തുമെന്നും സ്മിത്ത് പറഞ്ഞു. ആഷസ് നിലനിര്‍ത്താനായി എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ പരമ്പര ജയിക്കാനായില്ലെന്നത് ഇപ്പോഴും നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആഷസ് പരമ്പരയുടെ അവസാനം നേട്ടത്തെക്കാളുപരി നിരാശയാണ് എനിക്ക് തോന്നിയത്.


അതുപോലെതന്നെയാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതും. ഈ രണ്ട് രാജ്യങ്ങളാണ് കീഴടക്കാനുള്ള വലിയ രണ്ട് കൊടുമുടികള്‍. അതിന് കഴിഞ്ഞാല്‍ അത് വളരെ സ്പെഷലായിരിക്കും. അതിന് കഴിയുമെന്നാണ് പ്രതീക്ഷ. എനിക്ക് പ്രായമായി വരികയാണ്. എത്രകാലും ക്രിക്കറ്റില്‍ തുടരാനാവുമെന്ന് പറയാനാവില്ല. എങ്കിലും കരിയറിലെ ഈ രണ്ട് ലക്ഷ്യങ്ങള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണെന്നും സ്മിത്ത് പറഞ്ഞു.

2004ല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. 15 തുടര്‍വിജയങ്ങളുടെ പെരുമയുമായി 2001ല്‍ സ്റ്റീവ് വോയും സംഘവും ഇന്ത്യയിലെത്തി ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും കൊല്‍ക്കത്തയിലും ചെന്നൈയിലും നടന്ന രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

സ്റ്റീവ് വോയുടെ എക്കാലത്തെയും മികച്ച ടീമിന് കഴിയാത്തത് സ്മിത്തിനും സംഘത്തിനും കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. കഴിഞ്ഞ പരമ്പരയില്‍ ആദ്യമായി ഓസീസില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ആ നേട്ടം ആവര്‍ത്തിക്കാനാണ് ഇറങ്ങുന്നത്. എന്നാല്‍ സ്മിത്തും വാര്‍ണറും ഇല്ലാത്ത ഓസീസിനെതിരെ ആയിരുന്നു അന്ന് ഇന്ത്യയുടെ നേട്ടം.

click me!