ക്രോളിക്ക് ഡബിള്‍, ബട്‌ലര്‍ക്ക് സെഞ്ചുറി; പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

By Web TeamFirst Published Aug 22, 2020, 10:13 PM IST
Highlights

അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ ക്രോളി-ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

മാഞ്ചസ്റ്റര്‍: തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തന്നെ ഡബിളാക്കിയ സാക്ക് ക്രോളിയുടെയും രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ചുറി കണ്ടെത്തി ജോസ് ബട്‌ലറുടെയും ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സെന്ന ശക്തമായ നിലയിലാണ്. 29 റണ്ണുമായി ക്രിസ് വോക്സും രണ്ട് റണ്ണോടെ ഡൊമനിക് ബെസ്സും ക്രീസില്‍.

അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ ക്രോളി-ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ആദ്യ ദിനം തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ ക്രോളി രണ്ടാം ദിനം ആദ്യ സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റി. 127/4 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ക്രോളി-ബട്‌ലര്‍ സഖ്യം 486 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 267 റണ്‍സെടുത്ത ക്രോളിയെ പുറത്താക്കി  ആസാദ് ഷഫീഖാണ് കൂട്ടുകെട്ട് പൊളിച്ചത്. 34 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ക്രോളിയുടെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 22കാരനായ ക്രോളി സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടമാകുമെന്ന ഘട്ടത്തിലാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബട്‌ലര്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയത്. രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയുമാണ് ബട്‌ലര്‍ ഇന്ന് സ്വന്തമാക്കിയത്. 152 റണ്‍സെടുത്ത ബട്‌ലര്‍ ഫവദ് ആലമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പറുടെ റോളില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടവും ബട്‌ലര്‍ക്ക് സ്വന്തമാക്കാനായി.

click me!