ഇമ്രാന്‍ ഖാനോട് മാപ്പ് പറഞ്ഞ് മിയാന്‍ദാദ്; മനംമാറ്റത്തിന് പിന്നില്‍ 'ബന്ധു നിയമനം'.!

By Web TeamFirst Published Aug 22, 2020, 7:36 PM IST
Highlights

കുറച്ച് ദിവസം മുന്‍പാണ് പാക് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം മിയാന്‍ദാദ് ഉയര്‍ത്തിയത്. പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നതു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നായിരുന്നു  മിയൻദാദിന്റെ പ്രധാന ആരോപണം. 

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം വരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരസ്യമായി വിമര്‍ശിച്ച പാക് മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് മലക്കം മറിഞ്ഞു. ഇമ്രാനോട് മാപ്പ് പറഞ്ഞ് മിയാന്‍ ദാദ് രംഗത്ത് എത്തി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാന്‍ദാദിന്‍റെ മാപ്പ് പറച്ചില്‍. 

കുറച്ച് ദിവസം മുന്‍പാണ് പാക് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം മിയാന്‍ദാദ് ഉയര്‍ത്തിയത്. പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നതു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നായിരുന്നു  മിയൻദാദിന്റെ പ്രധാന ആരോപണം. അധികം വൈകാതെ ഇമ്രാൻ ഖാനെതിരെ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും താൻ ആരാണെന്ന് ഇമ്രാനു കാട്ടിക്കൊടുക്കുമെന്നും മിയൻദാദ് പറഞ്ഞു.

ഇപ്പോള്‍ തന്‍റെ പേരിലുള്ള യൂട്യൂബ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്‍റെ മാപ്പ് പറച്ചില്‍. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ടീമിന്റെ ദയനീയ പ്രകടനം കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. 

അതുകൊണ്ടാണ് കടുത്ത വിമർശനം നടത്തിയത്. ഇമ്രാൻ ഖാനോടും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ക്രിക്കറ്റ് ആരാധകരോടും എനിക്ക് വലിയ ബഹുമാനമുണ്ട് – മിയാൻദാദ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ മിയാന്‍ദാദ് മാപ്പ് പറഞ്ഞത് തക്കതായ നേട്ടം ഉണ്ടായതുകൊണ്ടാണ് എന്നാണ് പാക് മാധ്യമങ്ങളുടെ വിമര്‍ശനം. മിയാന്‍ദാദിന്‍റെ അടുത്ത ബന്ധുവായ ഫൈസൽ ഇക്ബാ‌ലിനെ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര ടീമുകളിൽ ഒന്നിന്‍റെ പരിശീലകനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇതിനു പിന്നാലെയാണ് മിയാൻദാദ് നിലപാട് മാറ്റിയതെന്ന് പാക് മാധ്യമങ്ങൾ പറയുന്നത്.

click me!