
കാര്‍ഡിഫ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാം ഏകദിനത്തിലെ മൂന്ന് വിക്കറ്റ് വിജയത്തോടെയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. വിന്‍ഡീസിന്റെ 308 റണ്‍സ് ഇംഗ്ലണ്ട് ഏഴ് പന്ത് ശേഷിക്കേ മറികടന്നു. 139 പന്തില്‍ പുറത്താവാതെ 166 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ ലക്ഷ്യത്തില്‍ എത്തിച്ചത്. വില്‍ ജാക്ക്‌സ് (49), ഹാരി ബ്രൂക്ക് (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ കീസി കാര്‍ട്ടിയുടെ (103) സെഞ്ചുറി കരുത്തിലാണ് വെസ്റ്റ് മികച് സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദീ നാലും സാകിബ് മെഹ്മൂദ് മൂന്നും വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഓപ്പണര്‍മാരായ ജാമി സ്മിത്ത്, ബെന്‍ ഡക്കറ്റ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. അപ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് റൂട്ട് - ബ്രൂക്ക് സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രൂക്കും പിന്നാലെ എത്തിയ ജോസ് ബട്‌ലര്‍ (0), ജേക്കബ് ബേതല്‍ (17) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് വേഗത്തില്‍ നഷ്ടമായി. ഇതോടെ അഞ്ചിന് 133 എന്ന നിലയിലായി ഇംഗ്ലണ്ട്. തുര്‍ന്ന് ജാക്‌സ് - റൂട്ട് നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് വിജയത്തിലെത്തിച്ചത്. ഇരുവരും 143 റണ്‍സ് കൂട്ടിചേര്‍ത്തു.
ജാക്ക്‌സും ബ്രൈഡണ്‍ കാര്‍സെയും (2) മടങ്ങിയെങ്കിലും ആദില്‍ റഷീദിനെ (10) കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 139 പന്തുകള്‍ നേരിട്ട റൂട്ട് രണ്ട് സിക്‌സും 21 ഫോറും നേടി. അല്‍സാരി ജോസഫ് വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നാല് വിക്കറ്റ് നേടി. നേരത്തെ, കാര്‍ട്ടിക്ക് പുറമെ ബ്രന്‍ഡന്‍ കിംഗ് (59), ഷായ് ഹോപ്പ് (78) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 238 റണ്‍സിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന ഏകദിനം നാളെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കും.