തിങ്കളാഴ്ച രാത്രി നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ പിസിബി അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വി നടത്തിയ പ്രതികരണങ്ങൾ ഇതിന്‍റെ സൂചനയാണ്.
ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയതിന് പിന്നാലെ മുഖംരക്ഷിക്കാനുള്ള ശ്രമവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്‌വിയുടെ ശ്രമം. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്നലെ വിരാമമായത്. എന്നാൽ, ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും ശ്രീലങ്കയുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയാറാവുന്നതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.
തിങ്കളാഴ്ച രാത്രി നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ പിസിബി അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വി നടത്തിയ പ്രതികരണങ്ങൾ ഇതിന്‍റെ സൂചനയാണ്. ഐസിസിയുമായുള്ള ചർച്ചകളിൽ പാകിസ്ഥാന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് പാകിസ്ഥാന്‍ നേടിയെടുത്തത് എന്ന ചോദ്യത്തിന് "ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല, എല്ലാം ബംഗ്ലാദേശിനുവേണ്ടിയായിരുന്നു" എന്നായിരുന്നു നഖ്‌വിയുടെ മറുപടി.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ ഐസിസി വഴങ്ങില്ലെന്ന് കണ്ടതോടെ, ബംഗ്ലാദേശിന്‍റെ അഭ്യർത്ഥന മാനിച്ചാണ് തങ്ങൾ കളിക്കാൻ തീരുമാനിച്ചതെന്നാണ് നഖ്‌വിയുടെ വാദം.
ബംഗ്ലാദേശിന്‍റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും. ഞങ്ങൾ കളിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഞങ്ങൾ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല എന്നായിരുന്നു നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ബഹിഷ്‌കരണത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാൻ മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളും ഐസിസി തള്ളിയിരുന്നു. ഇന്ത്യയുമായി വീണ്ടും ദ്വിരാഷ്ട്ര പരമ്പരകൾ ആരംഭിക്കാൻ ഐസിസി ഇടപെടണമെന്ന ആവശ്യവും പാകിസ്ഥാനുള്ള ഐസിസി ഫണ്ട് വിഹിതത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഭാവി ടൂർണമെന്റുകളിലെ വേദികൾ സംബന്ധിച്ച ഉറപ്പുകളും ഐസിസി നൽകിയില്ല. ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചാൽ നേരിടേണ്ടി വരുന്ന കനത്ത പിഴയും വിലക്കും മുന്നിൽ കണ്ടാണ് പാകിസ്ഥാൻ സർക്കാരും ക്രിക്കറ്റ് ബോർഡും മുഖം രക്ഷിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന മരയാക്കിയതെന്നാണ് വിലയിരുത്തൽ.
മത്സരം ഫെബ്രുവരി 15-ന്
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മൊഹ്‌സിൻ നഖ്‌വിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടീമിന് പച്ചക്കൊടി ലഭിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, യുഎഇ, ബംഗ്ലാദേശ് എന്നിവരുടെ പ്രത്യേക അഭ്യർത്ഥനകൾ പരിഗണിക്കുന്നു എന്ന് പറഞ്ഞാണ് സർക്കാർ തങ്ങളുടെ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞത്. ഇതോടെ ഫെബ്രുവരി 15-ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാക് ആവേശേപ്പോരാട്ടത്തിന് വഴിയൊരുങ്ങി.
