ഐസിസിയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച നഖ്‌വി, പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന വ്യക്തമായ സൂചനയും നൽകി.

ലാഹോർ: ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരം ബഹിഷ്കരിച്ചാല്‍ ഐസിസി വിലക്കേർപ്പെടുത്തുമെന്ന ഭീഷണിക്ക് പുല്ലുവില കൽപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്‍റെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു നഖ്‌വിയുടെ പ്രതികരണം.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കുമോ എന്ന ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, തിങ്കളാഴ്ച രാത്രിയോടെയാണ് പാക് സർക്കാർ ടീമിന് കളിക്കാന്‍ അനുമതി നൽകിയത്. എന്നാൽ ഇതിന് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരെ കണ്ട നഖ്‌വി കടുത്ത ഭാഷയിലാണ് സംസാരിച്ചത്.

ഐസിസിയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച നഖ്‌വി, പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന വ്യക്തമായ സൂചനയും നൽകി. ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ പാകിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്‍റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല- നഖ്‌വി പറഞ്ഞു. കഴിഞ്ഞ ഒരു ആഴ്ചയായി നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കൊടുവിലാണ് പാകിസ്ഥാൻ നിലപാട് മാറ്റിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബിസിബി) ഐസിസി വിലക്കില്ലെന്നും അവർക്ക് 2031-ന് മുമ്പ് ഒരു വലിയ ടൂർണമെന്‍റ് നടത്താൻ അനുമതി നൽകുമെന്നുമുള്ള ഉറപ്പിന് പിന്നാലെയാണ് പാകിസ്ഥാൻ വഴങ്ങിയത്.

2025-ലെ ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. അന്നുതൊട്ട് ഇന്ത്യയോടും ഐസിസിയോടും കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഐസിസി പ്രതിനിധികൾ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു നഖ്‌വിയുടെ ആദ്യ നിലപാട്.

അതിനിടെയാണ് പാക് കരസേനാ മേധാവിയുടെ പേര് പറഞ്ഞ് അദ്ദേഹം ഐസിസിയെ വെല്ലുവിളിച്ചത്. 2025 മെയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് അസിം മുനീറിനെ പാകിസ്ഥാൻ ഫീൽഡ് മാർഷലായി ഉയർത്തിയത്. ഈ സൈനിക കരുത്ത് ക്രിക്കറ്റ് മൈതാനത്തെ രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിപ്പിക്കാനാണ് നഖ്‌വി ശ്രമിച്ചത്. എങ്കിലും, സമാധാനപരമായ ചർച്ചകൾക്കും സൗഹൃദ രാജ്യങ്ങളുടെ (ശ്രീലങ്ക, യുഎഇ) അഭ്യർത്ഥനയ്ക്കും ഒടുവിൽ പാകിസ്ഥാൻ തങ്ങളുടെ മുൻ നിലപാടിൽ നിന്ന് 'യു-ടേൺ' എടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക