Latest Videos

സ്റ്റോക്‌സിന്‍റെ തിരിച്ചുവരവ് ഇന്ത്യക്കെതിരെ? പക്ഷേ രാജസ്ഥാന് നിരാശ വാര്‍ത്ത

By Web TeamFirst Published May 13, 2021, 8:49 AM IST
Highlights

ഐപിഎല്ലിൽ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. 

ലണ്ടന്‍: ഐപിഎല്‍ പതിനാലാം സീസണിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ മത്സരരംഗത്തേക്ക് തിരിച്ചെത്തിയേക്കും. രണ്ട് മാസം കൊണ്ട് മൈതാനത്തേക്ക് തിരിച്ചെത്താനാകുമെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് സ്റ്റോക്‌സ് പറഞ്ഞത്. എന്നാൽ ഐപിഎൽ പുനരാരംഭിച്ചാലും സ്റ്റോക്‌സിന്‍റെ സേവനം രാജസ്ഥാൻ റോയൽസിന് കിട്ടില്ല.

സ്റ്റോക്‌സിന് ലക്ഷ്യം രണ്ട്

ഐപിഎല്ലിൽ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. സ്റ്റോക്സ് പോയതോടെ രാജസ്ഥാൻ പിന്നീട് വിയർക്കുന്ന കാഴ്‌ചയും മൈതാനത്ത് കണ്ടു. കൈവിരലിലെ പരിക്കിന് ലീഡ്സിൽ സ്റ്റോക്സ് ശസ്‌ത്രക്രിയയ്ക്ക് വിധേയനായി. ഇനി കാത്തിരിപ്പ് ഒമ്പതാഴ്ച കൂടി മാത്രമെന്ന് സ്റ്റോക്സ് പറയുന്നു. ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ പരമ്പരയാവും ലക്ഷ്യം. ഡിസംബറിൽ ആഷസും കളിക്കണം. 

ശ്രീലങ്കയിലേക്ക് പതിനേഴംഗ ടീം; ആകാശ് ചോപ്രയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

പരിക്കിൽ നിന്ന് ഇത്രവേഗം മോചിതനാകുമെന്ന് കരുതിയില്ലെന്ന് സ്റ്റോക്സ് പറയുന്നു. പത്ത് വർഷം മുൻപ് ഇതേപോലെ പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായപ്പോൾ മാസങ്ങളാണ് പുറത്തിരിക്കേണ്ടി വന്നത്. അതിനാൽ ഇത്തവണ ശസ്‌ത്രക്രിയ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. പരിക്ക് മാറിയാലും ഐപിഎല്ലിന്‍റെ ഈ സീസണിൽ ഉണ്ടാകില്ലെന്ന് സ്റ്റോക്സ് വ്യക്തമാക്കുന്നു. മത്സരക്രമം പരിഗണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എടുത്ത തീരുമാനം സ്റ്റോക്സും അവർത്തിക്കുകയാണ്. 

ആര്‍ച്ചര്‍ തിരിച്ചുവരുന്നു

ഇതേസമയം പരിക്ക് കാരണം ഐപിഎൽ നഷ്ടമായ ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കൗണ്ടി ക്രിക്കറ്റിൽ സസക്സിനായി ആർച്ചർ ഇറങ്ങും. ഇംഗ്ലണ്ട് താരങ്ങളുടെ അഭിമാന പോരാട്ടമായ ആഷസ് ഡിസംബർ ആദ്യവാരം തുടങ്ങുമെന്നാണ് സൂചന. 26 വ‌ർഷത്തിനിടെ ആദ്യമായി ഓസ്‌‌ട്രേലിയയിൽ സിഡ്നി ഫൈനലിന് വേദിയാകില്ല. സിഡ്നിക്ക് പകരം പെർത്തിലാവും ജനുവരിയിൽ ഫൈനൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!