സൂപ്പര്‍താരം കളിച്ചേക്കില്ല; ഐപിഎല്ലിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി

By Web TeamFirst Published Jun 22, 2021, 9:04 PM IST
Highlights

കൊവിഡിനെ തുടര്‍ന്നാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച് യുഎഇയിലേക്ക് മാറ്റിയത്. ആദ്യ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇസിബി താരങ്ങള്‍ അനുമതി നല്‍കിയിരുന്നു.

ലണ്ടന്‍: ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ പിന്മാറിയേക്കും. കഴിഞ്ഞ ദിവസം ക്രിക്ബസിനോട് സംസാരിക്കവെ ബട്‌ലര്‍ തന്നെയാണ് ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയത്. കൊവിഡിനെ തുടര്‍ന്നാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച് യുഎഇയിലേക്ക് മാറ്റിയത്. ആദ്യ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇസിബി താരങ്ങള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് താരങ്ങളെ വിടേണ്ടെന്നാണ് ഇസിബിയുടെ തീരുമാനം. 

ദേശീയ ടീമിന് കളിക്കേണ്ട തിരക്കിലാണെങ്കില്‍ താരങ്ങളെ ടൂര്‍ണമെന്റിനായി അയക്കില്ലെന്ന് നേരത്തെ ഇസിബി ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ് വ്യക്തമാക്കിയിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് താന്‍ ഐപിഎല്ലിന്റെ യു എ ഇ പാദത്തില്‍ കളിച്ചേക്കില്ലെന്ന് ബട്‌ലര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ടി20 ലോകകപ്പും അതിന് മുമ്പുള്ള ഷെഡ്യൂളുമാണ് ഇംഗ്ലണ്ട് താരങ്ങളെ പിന്തിരിപ്പിക്കുക.

നിര്‍ത്തിവച്ച ഐപിഎല്ലില്‍ സമ്മിശ്ര പ്രകടനമായിരുന്നു ബട്‌ലറുടേത്. ചില മത്സരങ്ങളില്‍  നിരാശപ്പെടുത്തിയെങ്കിലും ഒരു സെഞ്ചുറി നേടാന്‍ താരത്തിനായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു സെഞ്ചുറി. ഏഴ് മത്സരങ്ങളില്‍ 35.14 ബാറ്റിംഗ് ശരാശരിയില്‍ 254 റണ്‍സാണ് പതിനാലാം എഡിഷന്‍ ഐപിഎല്ലില്‍ ഇതു വരെ താരത്തിന്റെ സമ്പാദ്യം.

click me!