അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ യാന്‍സനെതിരെ എക്സ്ട്രാ കവറിലൂടെ സഞ്ജു നേടിയ ബൗണ്ടറി കണ്ട് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി കമന്‍ററി ബോക്സിലിരുന്നു പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

അഹമ്മദാബാദ്: കാത്തിരിപ്പിനൊടുവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മക്കൊപ്പം മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ പലപ്പോഴും അഭിഷേക് ശര്‍മയെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതില്‍ നേരിട്ട നാലാം പന്തില്‍ മാര്‍ക്കോ യാന്‍സനെറിഞ്ഞ രണ്ടാം ഓവറില്‍ ലോംഗ് ഓണിന് മുകളിലൂടെ നേടിയ സിക്സറും പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ യാൻസനെതിരെ നേടിയ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികളും ഉള്‍പ്പെടുന്നു.

അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ യാന്‍സനെതിരെ എക്സ്ട്രാ കവറിലൂടെ സഞ്ജു നേടിയ ബൗണ്ടറി കണ്ട് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി കമന്‍ററി ബോക്സിലിരുന്നു പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അവനെ എന്തുകൊണ്ട് ആദ്യ ഇലവനിലുള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യമാണ് ചോദിക്കാന്‍ തോന്നുന്നത്. എന്തുകാണ്ടാണ് ആര്‍ക്കെങ്കിലും പരിക്കു പറ്റുമ്പോള്‍ മാത്രം അവനെ കളിപ്പിക്കുന്നത് എന്നായിരുന്നു ശാസ്ത്രിയുടെ ചോദ്യം.

Scroll to load tweet…

അഭിഷേകിനൊപ്പം സഞ്ജു കളിക്കുമ്പോൾ ഇരു വശത്തുനിന്നും ആക്രമണ ബാറ്റിംഗ് കാണാമെന്ന് ഇ‌ർഫാൻ പത്താനും പറഞ്ഞു. സഞ്ജുവും അഭിഷേകും ഇന്ത്യക്കായി 13 ഇന്നിംഗ്സുകളിൽ ഓപ്പൺ ചെയ്തപ്പോൾ 330 റൺസ് പിറന്നിരുന്നു. ഓരോ ഓവറിലും പത്തുറൺസിലേറെ ഉറപ്പ്. ഏഴ് തവണ ഇന്ത്യൻ സ്കോ‌ർ ഇരുന്നൂറും നാല് തവണ 230ഉം കടന്നു.

ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായ സഞ്ജു ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും മറികടന്നിരുന്നു.ഈനേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് 31കാരനായ സഞ്ജു. അൻപത്തിരണ്ടാം മത്സരത്തിലെ നാൽപ്പത്തിനാലാം ഇന്നിംഗ്സിലാണ് സഞ്ജുവിന്‍റെ നേട്ടം. 159 കളിയിൽ 4231 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമൻ. ടി20 ക്രിക്കറ്റില്‍ 8,000 റൺസ് പൂർത്തിയാക്കാനും സഞ്ജുവിന് കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക