പവര്‍ പ്ലേയില്‍ അഭിഷേക് ശര്‍മയും പത്താം ഓവറില്‍ സഞ്ജു സാംസണും പിന്നാലെ സൂര്യകമാര്‍ യാദവും മടങ്ങിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച് പോരാട്ടം മുന്നോട്ട് നയിച്ചത് തിലക് വര്‍മയായിരുന്നു.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 30 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കിയപ്പോള്‍ ബാറ്റുകൊണ്ട് മിന്നിയത് ഹാര്‍ദ്ദിക് പാണ്ഡ്യയും പന്തുകൊണ്ട് തിളങ്ങിയത് വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹാര്‍ദ്ദിക് പാണ്ഡ്യ ടി20യില്‍ ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി നേടിയിരുന്നു. പാണ്ഡ്യ 25 പന്തില്‍ 63 റണ്‍സെടുത്ത് ഇന്ത്യയെ 230 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിംഗില്‍ ക്വിന്‍റണ്‍ ഡി കോക്കും ഡെവാള്‍ഡ് ബ്രെവിസുമെല്ലാം തകര്‍ത്തടിച്ചെങ്കിലും നാലോവറില്‍ 53 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗ് ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തില്‍ നിന്ന് അകറ്റി. റീസ ഹെന്‍ഡ്രിക്കസ്, ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ എന്നിവരുടെ വിക്കറ്റെടുത്താണ് ചക്രവര്‍ത്തി ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ബാറ്റിംഗിലും ബൗളിംഗിലും മിന്നിയത് ഇരുവരുമാണെങ്കിലും ഓരോ പരമ്പരക്കുശേഷവും ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ വെച്ചു നല്‍കുന്ന പരമ്പരയുടെ ഇംപാക്ട് പ്ലേയർക്കുള്ള മെഡല്‍ സ്വന്തമാക്കിയത് യുവതാരം തിലക് വര്‍മയായിരുന്നു. ഇന്നലെ മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ തിലക് വര്‍മ 42 പന്തില്‍ 73 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. 10 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്‍റെ പ്രകടനം.
പവര്‍ പ്ലേയില്‍ അഭിഷേക് ശര്‍മയും പത്താം ഓവറില്‍ സഞ്ജു സാംസണും പിന്നാലെ സൂര്യകമാര്‍ യാദവും മടങ്ങിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച് പോരാട്ടം മുന്നോട്ട് നയിച്ചത് തിലക് വര്‍മയായിരുന്നു. പരമ്പരയിലെ നാലു മത്സരങ്ങളില്‍ 62 റണ്‍സ് ശരാശരിയിലും 130.99 സ്ട്രൈക്ക് റേറ്റിലും 186 റണ്‍സടിച്ച് ടോപ് സ്കോററായതും തിലകായിരുന്നു. ഈ പ്രകടനമാണ് തിലകിനെ പരമ്പരയിലെ ഇംപാക്ട് പ്ലേയറക്കിയത്. മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. പരമ്പരയുടെ താരമായി വരുണ്‍ ചക്രവര്‍ത്തിയെയും തെരഞ്ഞെടുത്തു.


