
കേപ്‌ടൗണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 165 റണ്‍സിന്‍റെ വിജയലക്ഷ്യം. ന്യൂലന്‍ഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്ത ഓപ്പണര്‍മാരായ തസ്‌മിന്‍ ബ്രിറ്റ്‌സും ലോറ വോള്‍വാര്‍ട്ടുമാണ് പ്രോട്ടീസിന് കരുത്തായത്. അവസാന ഓവറുകളില്‍ മരിസാന്‍ കാപ്പ് വെടിക്കെട്ടുമായി ഫിനിഷറുടെ റോള്‍ ഭംഗിയാക്കി.
അതിഗംഭീരം തുടക്കം
ആദ്യ വിക്കറ്റില്‍ തസ്‌മിന്‍ ബ്രിറ്റ്‌സ്-ലോറ വോള്‍വാര്‍ട്ട് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കായി 13.4 ഓവറില്‍ 96 റണ്‍സ് ചേര്‍ത്തു. 14-ാം ഓവറില്‍ സോഫീ എക്കിള്‍സ്റ്റണിനെ ബൗണ്ടറി നേടി വോള്‍വാര്‍ട്ട് 42 ബോളില്‍ ഫിഫ്റ്റി തികച്ചു. എന്നാല്‍ രണ്ട് പന്തുകളുടെ ഇടവേളയില്‍ ലീഡിംഗ് എഡ്‌ജ് വോള്‍വാര്‍ട്ടിന് പുറത്തേക്കുള്ള വഴി തുറന്നു. വോള്‍വാര്‍ട്ട് 44 പന്തില്‍ 53 റണ്‍സുമായി ഷാര്‍ലറ്റ് ഡീനിന്‍റെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ബ്രിറ്റ്‌സ് പിന്നാലെ 15-ാം ഓവറില്‍ സാറ ഗ്ലെന്നിനെ സിക്‌സിന് പറത്തി പ്രോട്ടീസിനെ 100 കടത്തി. പിന്നാലെ ഫോറും നേടി ബ്രിറ്റ്‌സും 43 പന്തില്‍ ഫിഫ്റ്റി തികച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 15-ാം ഓവറില്‍ 18 ഉം 16-ാം ഓവറില്‍ 9 ഉം 17-ാം ഓവറില്‍ 10 ഉം റണ്‍സ് നേടി.
18-ാം ഓവറിലെ അഞ്ചാം പന്തില്‍ ലോറെന്‍ ബെല്ലിന്‍റെ പന്തില്‍ കാതറിന്‍ സൈവര്‍ ബ്രണ്ട്, ബ്രിറ്റ്‌സിനെ(55 പന്തില്‍ 68) പിടികൂടി. ഈസമയം ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 142ലെത്തിയിരുന്നു. എക്കിള്‍സ്റ്റണിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ട്രയോണിനെ(3 പന്തില്‍ 3) നഷ്‌ടമായി. നാലാം പന്തില്‍ നഡീന്‍ ഡി ക്ലാര്‍ക്കും(2 പന്തില്‍ 0) പുറത്തായി. എന്നാല്‍ അവസാന ഓവറില്‍ 18 റണ്‍സ് അടിച്ചുകൂട്ടി മരിസാന്‍ കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഉറപ്പിച്ചു. കാപ്പ് 13 പന്തില്‍ 27 ഉം സുനെ ലസ് 4 പന്തില്‍ 3 ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന 10 ഓവറില്‍ 92 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
ഫൈനലില്‍ എതിരാളികള്‍ ഓസീസ്
ഇന്ന് വിജയിക്കുന്നവര്‍ ലോകകപ്പ് ഫൈനലില്‍ കരുത്തായ ഓസ്ട്രേലിയയേയാണ് നേരിടേണ്ടത്. സെമിയില്‍ ഓസ്ട്രേലിയയെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങുകയായിരുന്നു. 173 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(34 പന്തില്‍ 52), ജെമീമ റോഡ്രിഗസും(24 പന്തില്‍ 43) ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യ അഞ്ച് റണ്‍സകലെ പൊരുതിവീഴുകയായിരുന്നു. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 172-4, ഇന്ത്യ 20 ഓവറില്‍ 167-8. കേപ്‌ടൗണില്‍ 26-ാം തിയതിയാണ് ഫൈനല്‍.