
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലായതോടെ ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീർ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ചരിത്രത്തിലാദ്യമായി രണ്ട് ടെസ്റ്റ് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ഇന്ത്യൻ പരിശീകലനെന്ന നാണക്കേടാമ് ഗംഭീറിനെ കാത്തിരിക്കുന്നത്. ഇതിനിടെ നാലാം ദിനം കളിക്കാനിറങ്ങും മുമ്പ് ഗംഭീര്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങൾ നല്‍കുന്നതും വിക്കറ്റ് കീപ്പര് ധ്രുവ് ജുറെലിനോട് വിരലുയര്‍ത്തി സംസാരിക്കുന്നതും കാണാമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ ഗംഭീറിന്‍റെ ഈ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ വിരൽചൂണ്ടി സംസാരിക്കുന്നതൊക്കെ നിര്‍ത്തി ഗംഭീറും ഇന്ത്യൻ താരങ്ങളും ഗ്രൗണ്ടില്‍ എന്തെങ്കിലും ചെയ്തു കാണിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അനില്‍ കുംബ്ലെയ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മികവ് കാട്ടാനുള്ള വലിയ അവസരമാണിതെന്നും കുംബ്ലെ പറഞ്ഞു.
സംസാരം നിര്‍ത്തി ചെയ്തു കാണിക്കേണ്ട സമയമാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ ജയിക്കാനായില്ലെങ്കിലും പൊരുതാനെങ്കിലും ഇന്ത്യ തയാറാവണം. ലോക ടെസ്റ്റ് ചാമ്പ്യൻമാര്‍ക്കെതിരെ അതിനുള്ള സുവര്‍ണാവസരമാണിത്. നിങ്ങള്‍ പലതും പറഞ്ഞിരിക്കാം. അതൊക്കെ ചെയ്തു കാണിക്കേണ്ട സമയം ഇപ്പോഴാണെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മോശം പ്രകടനം നടത്തിയതിനെതുടര്‍ന്ന് ഗൗതം ഗംഭീര്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തി കളിക്കാരോട് പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയായിരുന്നു.
സമാനമായ രീതിയിലായിരുന്നു നാലാം ദിനം വാം അപ്പിനിറങ്ങിയ ഇന്ത്യൻ താരങ്ങളോട് ഗംഭീറിന്‍റെ ഇടപെടല്‍. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489 റണ്‍സിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റൺസിന് ഓള്‍ ഔട്ടായി 30 റണ്‍സിന്‍റെ അവിശ്വസനീയ തോല്‍വി വഴങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!