റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വിക്കറ്റൊന്നും വേണമെന്നില്ല; കാര്യവട്ടത്ത് അത്യപൂര്‍വ നേട്ടവുമായി അശ്വിന്‍

By Jomit JoseFirst Published Sep 29, 2022, 9:18 AM IST
Highlights

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ താരങ്ങളില്‍ വിക്കറ്റ് നേടാനാകാതെപോയത് അശ്വിന് മാത്രമായിരുന്നു

കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റില്‍ പുരുഷ ടി20യില്‍ നാല് ഓവര്‍ ക്വാട്ടയും പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ പേരിലാക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നാല് ഓവറില്‍ 8 റണ്‍സ് മാത്രമാണ് അശ്വിന്‍ വഴങ്ങിയത്. മുമ്പ് 2016ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയും സമാനമായി അശ്വിന്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടുണ്ട്. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ താരങ്ങളില്‍ വിക്കറ്റ് നേടാനാകാതെപോയത് അശ്വിന് മാത്രമായിരുന്നു. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നല്‍ പിശുക്കികാട്ടി അശ്വിന്‍ പ്രോട്ടീസ് ബാറ്റര്‍മാരെ ശ്വാസം മുട്ടിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 20 ഓവറില്‍ വിക്കറ്റിന് 106 റണ്‍സില്‍ അവസാനിച്ചു. അർഷ്ദീപ് സിംഗ് മൂന്നും ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ഒരാളെ പുറത്താക്കി. 

കാര്യവട്ടം ട്വന്‍റി 20യിൽ ഇന്ത്യ 8 വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. കെ എൽ രാഹുലും സൂര്യകുമാർ യാദവും അർധസെഞ്ചുറി നേടി. രാഹുൽ 56 പന്തിൽ 51 റൺസെടുത്തപ്പോൾ സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ബാറ്റിംഗ് തകർച്ച നേരിട്ട ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 വിക്കറ്റിനാണ് 106 റൺസിലെത്തിയത്. ക്യാപ്റ്റൻ തെംബ ബാവുമയടക്കം ദക്ഷിണാഫ്രിക്കയുടെ 4 ബാറ്റർമാർ പൂജ്യത്തിന് പുറത്തായതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. 2.3 ഓവറില്‍ 5 വിക്കറ്റിന് 9 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 41 റൺസെടുത്ത കേശവ് മഹാരാജാണ് കരകയറ്റിയത്. എയ്ഡൻ മാർക്രാം 25ഉം വെയ്ൻ പാർനൽ 24ഉം റൺസെടുത്തു.

റണ്ണൊഴുകിയില്ല, വിക്കറ്റൊഴുകി; കാര്യവട്ടത്തെ ബാറ്റിംഗ് ട്രാക്ക് എയറിലാക്കി ട്രോളര്‍മാര്‍

click me!