Asianet News MalayalamAsianet News Malayalam

റണ്ണൊഴുകിയില്ല, വിക്കറ്റൊഴുകി; കാര്യവട്ടത്തെ ബാറ്റിംഗ് ട്രാക്ക് എയറിലാക്കി ട്രോളര്‍മാര്‍

കൊടുത്ത പണം മുതലാക്കാൻ ആരാധകരെ സഹായിച്ച ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജടക്കമുള്ള താരങ്ങളും ട്രോളുകളിൽ ഇടംനേടി

IND vs SA 1st T20I Batting collapse in Greenfield International Stadium Thiruvananthapuram become trolls
Author
First Published Sep 29, 2022, 7:52 AM IST

കാര്യവട്ടം: കാര്യവട്ടം ടി20യില്‍ റൺമഴ പ്രതീക്ഷിച്ചവരെല്ലാം വിക്കറ്റ് വീഴ്‌ച കണ്ടപ്പോള്‍ ട്രോൾ പേജുകളില്‍ ആഘോഷരാത്രി. ഗ്രീന്‍ഫീല്‍ഡിലേത് ബാറ്റിംഗ് ട്രാക്കാണ് എന്നായിരുന്നല്ലോ പ്രവചനം. എന്നാല്‍ കളി തുടങ്ങി വിക്കറ്റുകള്‍ തുരുതുരാ വീണതോടെ ട്രോളർമാർക്ക് ചാകരയായി. ക്യുറേറ്റർ എ എം ബിജു തന്നെയായിരുന്നു പ്രധാന ഇര. കാര്യവട്ടത്ത് റണ്ണൊഴുകും എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സഹിതമുള്ള മുന്‍വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പടെയായിരുന്നു ട്രോളര്‍മാരുടെ ആഘോഷം. 

വമ്പന്‍ സ്കോര്‍ പിറക്കാതിരുന്ന മത്സരത്തിന് ടിക്കറ്റെടുക്കാത്തത് നന്നായി എന്ന് പറഞ്ഞ ആരാധകരുമുണ്ട് കൂട്ടത്തില്‍. കൊടുത്ത പണം മുതലാക്കാൻ ആരാധകരെ സഹായിച്ച ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജടക്കമുള്ള താരങ്ങളും ട്രോളുകളിൽ ഇടംനേടി. കറന്‍റ് കുറച്ച് ചെലവഴിക്കാൻ പിച്ചിന്‍റെ സ്വഭാവം മാറ്റിയെന്ന് വരെ ചിലർ പറഞ്ഞു. മത്സരത്തിന് മുമ്പ് കുടിശ്ശികയുടെ പേരില്‍ സ്റ്റേഡിയത്തിലെ കറന്‍റ് കെഎസ്‌ഇബി കട്ടാക്കിയതും പിന്നാലെ തുകയടച്ച് ഫീസ് കെട്ടിയതുമെല്ലാം ആരാധകര്‍ ഓര്‍മ്മിപ്പിച്ചു. 9 മണിക്ക് ശേഷം ഫ്യൂസ് ഊരുമെന്ന് കെഎസ്‌ഇബി പറഞ്ഞിരുന്നോ എന്ന് ചോദിച്ചായിരുന്നു ഒരു ട്രോള്‍. ടീം ഇന്ത്യ ജയിച്ചെങ്കിലും റൺമഴ പ്രതീക്ഷിച്ച ആരാധകർക്ക് ഏറെ നിരാശയാണ് കാര്യവട്ടത്തുണ്ടായത്. സിക്സര്‍ മഴയൊന്നും മാനത്ത് പെയ്‌തിറങ്ങിയില്ലെങ്കിലും അങ്ങനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ട്രോളര്‍മാര്‍ക്ക് ആഘോഷദിനമായി. 

സിക്‌സുകളേറെ പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് മുന്നില്‍ കാര്യവട്ടത്ത് 2.3 ഓവറില്‍ ടീം സ്കോര്‍ 9ല്‍ നില്‍ക്കേ ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകള്‍ നഷ്‌ടമാകുന്നതാണ് തുടക്കത്തില്‍ കണ്ടത്. ബാറ്റര്‍മാരെ തുണയ്ക്കും എന്ന് കരുതിയ പിച്ചില്‍ അര്‍ഷ്‌ദീപ് സിംഗിനും ദീപക് ചാഹറിനും മികച്ച സ്വിങും സീമും ലഭിച്ചു. ഇതില്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുമായി അര്‍‌ഷ് ഞെട്ടിക്കുകയും ചെയ്തു. അപ്പോള്‍ത്തനെ കാര്യവട്ടത്തെ ബാറ്റിംഗ് ട്രാക്ക് ട്രോളര്‍മാര്‍ എയറിലാക്കിയിരുന്നു. വെടിക്കെട്ട് ബാറ്റര്‍മാര്‍ ഏറെയുള്ള ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് 20 ഓവറില്‍ എട്ട് വിക്കറ്റിന് വെറും 106 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. 

മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ ടീം 17 റണ്‍സെടുത്ത് നില്‍ക്കേ ഇരട്ട വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്‌ടമായതും ട്രോളര്‍മാരെ സങ്കടത്തിലാക്കി. രോഹിത് ശര്‍മ്മ പൂജ്യത്തിനും വിരാട് കോലി മൂന്നിനും പുറത്തായി. ബാറ്റിംഗ് ട്രാക്ക് എന്ന് പ്രവചിക്കപ്പെട്ടിടത്ത് ബൗണ്ടറി നേടാന്‍ കെ എല്‍ രാഹുല്‍ ഏറെ വിയര്‍ത്തു. ഒടുവില്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി രണ്ട് സിക്‌സര്‍ പറത്തിയതോടെയാണ് കളിക്ക് ആവേശമായത്. 16.4 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 33 പന്തില്‍ 5 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 50ഉം കെ എല്‍ രാഹുല്‍ 56 പന്തില്‍ 2 ഫോറും നാല് സിക്‌സും സഹിതം 51ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

കാര്യവട്ടത്ത് സൂര്യോദയം; അടിപൂരവുമായി സൂര്യകുമാര്‍ യാദവിന് ഇരട്ട റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios