
ലക്നോ: കൊവിഡ് ബാധിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ജൂലായില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ചേതന്‍ ചൗഹാനെ ലക്നോവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് രോഗമുക്തനാകാത്ത അദ്ദേഹത്തിന്റെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനും നിലച്ചത് ആരോഗ്യസ്ഥിതി വഷളാക്കി. 72കാരനായ ചൗഹാന്‍ മുന്‍ ലോക്സഭാംഗം കൂടിയാണ്.
യുപി മന്ത്രിസഭയില്‍ 1991ലും 1998ലും 2018ലും മന്ത്രിയുമായിരുന്നു. ഇന്ത്യക്കായി 40 ടെസ്റ്റിലും ഏഴ് ഏകദിനത്തിലും കളിച്ചിട്ടുള്ള ചൗഹാന്‍ സുനില്‍ ഗവാസ്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഗവാസ്കര്‍-ചൗഹാന്‍ കൂട്ടുകെട്ട് മൂവായിരത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ പത്ത് സെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെടുന്നു.
1969 മുതല്‍ 1978വരെയാണ് ചൗഹാന്‍ ഇന്ത്യക്കായി ബാറ്റേന്തിയത്. 40 ടെസ്റ്റില്‍ നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്ന് 153 റണ്‍സും നേടി. രഞ്ജി ട്രോഫിയില്‍ മഹാലാഷ്ട്രക്കും ഡല്‍ഹിക്കായും കളിച്ചിട്ടുള്ള ചൗഹാന് 1981ല്‍ രാജ്യം അര്‍ജ്ജുന പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!