സതാംപ്ടണില്‍ രണ്ടാം ദിവസവും മഴ; ഇംഗ്ലീഷ് പേസിന് മറുപടിയില്ലാതെ പാക് പട

By Web TeamFirst Published Aug 14, 2020, 11:42 PM IST
Highlights

 ഇംഗ്ലണ്ട്- പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെടുത്തു. മഴയും വെളിച്ചക്കുറവും കാരണം ഇന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ഒമ്പതിന് 223 എന്ന നിലയിലാണ്.

സതാംപ്ടണ്‍: ഇംഗ്ലണ്ട്- പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെടുത്തു. മഴയും വെളിച്ചക്കുറവും കാരണം ഇന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ഒമ്പതിന് 223 എന്ന നിലയിലാണ്. ഒന്നാംദിനം 124ന് അഞ്ച് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. ഇന്ന് നാല് വിക്കറ്റുകള്‍ കൂടി പാകിസ്ഥാന് നഷ്ടമായി. മുഹമ്മദ് റിസ്‌വാന്‍ (60), നസീം ഷാ (1) എന്നിവരാണ് ക്രീസില്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

ബാബര്‍ അസം (47), യാസിര്‍ ഷാ (5), ഷഹീന്‍ അഫ്രീദി (0), മുഹമ്മദ് അബ്ബാസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് പാകിസ്ഥാന് നഷ്ടമായത്. അസമാണ് ഇന്ന് ആദ്യം മടങ്ങിയത്. ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വാലറ്റത്തിന് ഇംഗ്ലീഷ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. യാസിര്‍ ഷാ, ഷഹീന്‍ അഫ്രീദി, അബ്ബാസ് എന്നിവര്‍ വന്നതുപോലെ മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിസ്‌വാന്‍ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. 

ആന്‍ഡേഴ്‌സണ്‍, ബ്രോഡ് എന്നിവര്‍ക്ക് പുറമെ സാം കറന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.

click me!