ഇതിഹാസതാരത്തില്‍ നിന്ന് അത്തരം വാക്ക് പ്രതീക്ഷിച്ചില്ല; രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Jul 16, 2021, 8:59 PM IST
Highlights

ഇന്ത്യയുടേത് ശക്തമായ ടീമാണെന്ന് ബോര്‍ഡ് അദ്ദേഹത്തിന് മറുപടി നല്‍കി. പിന്നാലെ ലങ്കയുടെ ഇതിഹാസതാരം അരവിന്ദ ഡിസില്‍വ, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര എന്നിവരെല്ലാം അദ്ദേഹിത്തിനെതിരെ സംസാരിച്ചു.

ദില്ലി: ശ്രീലങ്കന്‍ ഇതിഹാസതാരം അര്‍ജുന രണതുംഗ നടത്തിയ വിവാദ പ്രസ്താവനയുടെ അലയൊലികള്‍ ഇനിയും അവസാനിക്കുന്നില്ല. ബിസിസിഐ അയക്കുന്നത് ഇന്ത്യയുടെ രണ്ടാംനിര ടീമാണെന്നുള്ള രണതുംഗയുടെ വാക്കുകളാണ് വിവാദമായത്. ഇതിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ രംഗത്തെത്തി. ഇന്ത്യയുടേത് ശക്തമായ ടീമാണെന്ന് ബോര്‍ഡ് അദ്ദേഹത്തിന് മറുപടി നല്‍കി. പിന്നാലെ ലങ്കയുടെ ഇതിഹാസതാരം അരവിന്ദ ഡിസില്‍വ, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര എന്നിവരെല്ലാം അദ്ദേഹിത്തിനെതിരെ സംസാരിച്ചു. 

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വെങ്കടപതി രാജു. രണതുംഗയെ പോലെ ഒരു ഇതിഹാസത്തില്‍ നിന്ന് അത്തരമൊരു പരാമര്‍ശം ഉണ്ടായത് ദൗര്‍ഭാഗ്യകരമായെന്നാണ് രാജുവിന്റെ അഭിപ്രായം. ''രണ്ടാംനിര ടീം എന്ന് പറയുന്നതില്‍ പോലും ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരും കഴിവുള്ള താരങ്ങളാണ്. അവരെ രണ്ടാംനിരക്കാര്‍ എന്ന് വിളിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അദ്ദേഹം അങ്ങനെ പറയരുതായിരുന്നു. മഹാനായ ഒരു ക്രിക്കറ്ററില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനത്തില്‍ വരുന്നതില്‍ അദ്ദേഹം സന്തോഷവാനാവുകയാണ് വേണ്ടത്. തകര്‍ച്ചയിലാണ് ശ്രീലങ്കന്‍ ടീം. അവര്‍ക്ക് മികച്ച ടീം ഒരുക്കാനുള്ള അവസരമാണിത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് അവര്‍ ചെയ്യേണ്ടത്.'' രാജു പറഞ്ഞു.

18നാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുത്ത ടി20 പരമ്പരയ്ക്ക് ജൂലൈ 25നും തുടക്കമാവും.

click me!