
മുംബൈ: ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ഇടപെടലുകളും പലപ്പോഴും വാർത്തയാകാറുണ്ട്. ഇക്കുറി അത്തരത്തിൽ വാർത്തയിലിടം പിടിച്ചത് മുൻ ഇന്ത്യൻ താരം അമിത് മിശ്രയാണ്. സംഭവം രസകരമാണ്. ആരാധകന്‍റെ ആവശ്യം മറ്റൊന്നുമായിരുന്നില്ല. കാമുകിക്കൊപ്പം കറങ്ങാൻ പോകാൻ കാശ് തന്ന് സഹായിക്കണമെന്നതായിരുന്നു ആരാധകന്‍റെ ആവശ്യം. വലിയ തുകയൊന്നുമല്ല, മൂന്നൂറ് രൂപ മാത്രമാണ് ആരാധകൻ അമിത് മിശ്രയോട് ചോദിച്ചത്. കൃത്യമായി കാര്യം പറയുകയും ചെയ്തു. കാമുകിയോടൊപ്പം ഡേറ്റിങ്ങിനു പോകാൻ 300 രൂപ തന്ന് സഹായിക്കണം. ഓൺലൈനായി അയക്കാമോയെന്നും ആരാധകൻ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. കാശ് അയക്കേണ്ടതിനുള്ള മാർഗങ്ങളും കൃത്യമായി പറഞ്ഞായിരുന്നു അഭ്യർത്ഥന.
സാധാരണ ഗതിയിൽ ചിലരെങ്കിലും ഇത്തരത്തിലുള്ള ആവശ്യങ്ങൾ തള്ളികളയാറുണ്ട്. എന്നാൽ അമിത് മിശ്ര അങ്ങനെയല്ല ചെയ്തത്. ആരാധകൻ ആവശ്യപ്പെട്ടതിലും കൂടുതൽ പണം നൽകി പോയി കറങ്ങിയിട്ട് വാ എന്നായിരുന്നു അമിത് മിശ്ര പറഞ്ഞത്. 300 രൂപ ആവശ്യപ്പെട്ടയാൾക്ക് 500 രൂപയാണ് താരം നൽകിയത്. പണം നൽകിയതിന്‍റെയടക്കം വിവരങ്ങളും മിശ്ര ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 500 രൂപ ഇട്ടതിന്‍റെ സ്ക്രീൻ ഷോട്ടിനൊപ്പം ഡേറ്റിങ്ങിന് ആശംസയും നേർന്നു. താരത്തിന്‍റെ ട്വീറ്റിന് താഴെ നിരവധിയാളുകൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്പിൻ വിഭാഗത്തിൽ ഒരു കാലത്ത് ഏറെ പ്രധാനപ്പെട്ട താരമായിരുന്നു അമിത് മിശ്ര. 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 8 ടി 20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുള്ള മിശ്ര 2017 ഫെബ്രുവരിയിലാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. അതേസമയം ഐ പി എല്ലിൽ താരം മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐ പി എല്ലിൽ മൂന്നു വട്ടം ഹാട്രിക് വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഈ വലം കൈയ്യൻ സ്പിന്നർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!